
ന്യൂഡല്‍ഹി: ലോക്സഭയില്‍ വനിതാ സംവരണ ബില്‍ പാസാകാതിരുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിന്റെ വിഷയത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

131-ാമത് ഭരണഘടനാ ഭേദഗതി ബില്ലായിരുന്ന വനിതാ സംവരണ നിര്‍ദ്ദേശം ലോക്സഭയില്‍ ആവശ്യമായ രണ്ടില്‍ മൂന്നാംഭാഗം ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 528 അംഗങ്ങളില്‍ 298 പേര്‍ അനുകൂലിച്ചപ്പോള്‍ 230 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ബില്‍ പാസാകാന്‍ 352 വോട്ടുകള്‍ ആവശ്യമായിരുന്നു.

2029ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നിയമസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോക്സഭയിലെ സീറ്റുകള്‍ 543ല്‍ നിന്ന് പരമാവധി 850 ആയി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ള പരിധിനിര്‍ണ്ണയം ഉള്‍പ്പെടെ സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സീറ്റുകള്‍ കൂട്ടാനുള്ള പദ്ധതികളും ഇതിലുണ്ടായിരുന്നു.
ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ മണ്ഡല പുനര്‍ നിര്‍ണയം, യൂണിയന്‍ ടെറിറ്ററീസ് നിയമ ഭേദഗതി ബില്‍ എന്നിവ പരിഗണനയ്ക്ക് എടുക്കാതിരിക്കണമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

