

റിയാദ്: ഖത്തറും ബഹറൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു. റിയാദില്‍ ജി സി സി ആസ്ഥാനത്ത് ചേര്‍ന്ന ഖത്തര്‍- ബഹറൈന്‍ ഫോളോ അപ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിലാണ് സുപ്രധാനമായ തീരുമാനമെടുത്തത്.

യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മദിയും ബഹ്റൈന്‍ പ്രതിനിധി സംഘത്തെ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയുമാണ് നയിച്ചത്.

സംയുക്ത നിയമ സമിതിയുടെയും സംയുക്ത സുരക്ഷാ സമിതിയുടെയും ആദ്യ യോഗത്തിന്റെ ഫലങ്ങള്‍ അവലോകനം ചെയ്ത യോഗം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങളും 1961ലെ നയതന്ത്രബന്ധത്തെക്കുറിച്ചുള്ള വിയന്ന ഉടമ്പടിയുടെ വ്യവസ്ഥകളും അതനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു.
രാജ്യങ്ങള്‍ തമ്മിലുള്ള സമത്വം, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത, നല്ല അയല്‍പക്കം എന്നീ തത്വങ്ങള്‍ക്കനുസൃതമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗള്‍ഫ് ഐക്യവും ഏകീകരണവും വര്‍ധിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തില്‍ നിന്നാണ് ഈ നടപടിയെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചു.

