

ദോഹ: ഖത്തറും സെര്‍ബിയയും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് സഹകരണത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ്് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായിയും റിപ്പബ്ലിക് ഓഫ് സെര്‍ബിയയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഹൈലോ ജൊവനോവിച്ചുമാണ് ഖത്തര്‍ ഇക്കണോമിക് ഫോറം 2023ന്റെ ഭാഗമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബ്ലൂംബെര്‍ഗുമായി സഹകരിച്ച് ഖത്തറാണ് ഇത് സംഘടിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം, ഇ-ഗവണ്‍മെന്റ്, ഗവേഷണം, വികസനം, ചെറുകിട, ഇടത്തരം കമ്പനികളിലെ നിക്ഷേപം, നവീകരണം, ഇലക്ട്രോണിക് ഇടപാടുകള്‍ സജീവമാക്കല്‍ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തനങ്ങളും കൈമാറാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

ധാരണാപത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുകയും വാര്‍ത്താവിനിമയ, വിവരസാങ്കേതിക മേഖലകളുടെ പുരോഗതിക്കുള്ള പ്രതിബദ്ധത തെളിയിക്കുകയും നവീകരണത്തിനും സഹകരണത്തിനും പുരോഗതിക്കും വഴിയൊരുക്കുമെന്നും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് പറഞ്ഞു.
വാര്‍ത്താവിനിമയ, വിവരസാങ്കേതിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏകീകരിക്കുന്നതിന് ധാരണാപത്രത്തിന്റെ പ്രാധാന്യം മന്ത്രി ജോവനോവിക് ഊന്നിപ്പറഞ്ഞു.

