

ന്യൂയോര്‍ക്ക്: സംഘര്‍ഷങ്ങളുടെ പുതിയ ചുഴലിക്കാറ്റിലേക്ക് വലിച്ചിഴക്കപ്പെടുന്ന മിഡില്‍ ഈസ്റ്റ് മേഖലയെ ഒഴിവാക്കാനും സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന ഖത്തറിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ സംഭവവികാസങ്ങള്‍ അടിവരയിടുന്നതായി ഊന്നിപ്പറഞ്ഞുകൊണ്ട്, സ്ഥിതിഗതികള്‍ വഷളാകാതിരിക്കാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും അഭ്യര്‍ഥിച്ചു.

മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെയുള്ള ത്രൈമാസ സംവാദത്തിന്റെ യോഗത്തിന് മുമ്പ് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്‌മദ് ബിന്‍ സെയ്ഫ് അല്‍ താനി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

ഗാസ മുനമ്പിലെ സ്ഥിതി അഭൂതപൂര്‍വമായ മാനുഷിക ദുരന്തത്തിന് തുല്യമാണ്. പട്ടിണിയെ ആയുധമാക്കിയും കൂട്ട ശിക്ഷ നടപ്പാക്കിയും ഭക്ഷണവും അവശ്യ സേവനങ്ങളും നിഷേധിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം സിവിലിയന്മാരെയും പൗര സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന എല്ലാത്തരം നടപടികളെയും ഖത്തര്‍ ഭരണകൂടം അപലപിക്കുന്നു. യഥാര്‍ഥ അധിനിവേശ ശക്തി നടത്തിയ താമസക്കാരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണിതെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
റഫ നഗരത്തില്‍ അധിനിവേശ സേന നടത്തുന്ന ഏതൊരു സൈനിക നടപടിയും എതിര്‍ക്കപ്പെടേണ്ടതും അന്തര്‍ദേശീയ നിയമങ്ങളോടും അന്താരാഷ്ട്ര മാനുഷിക നിയമത്തോടുമുള്ള പൂര്‍ണ്ണമായ ബഹുമാനത്തെ പ്രേരിപ്പിക്കുന്നതുമായിരിക്കണമെന്ന് അവര്‍ അടിവരയിട്ടു. മാനുഷിക ദുരന്തം അവസാനിപ്പിക്കുന്നതിനും ക്ഷാമം അകറ്റുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനൊപ്പം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം പാലിക്കണമെന്നും അവര്‍ വിശദമാക്കി.

