

ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് 2022ന് വളണ്ടിയര്‍മാരെ സ്വാഗതം ചെയ്ത് ഖത്തര്‍. ലോകകപ്പ് ഫുട്ബാളിന് വളണ്ടിയറാവാന്‍ volunteer.fifa.com എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

സ്റ്റേഡിയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട്, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍ തുടങ്ങി 45 പ്രവര്‍ത്തന ഇടങ്ങളില്‍ ഇരുപതിനായിരം വളണ്ടിയര്‍മാരെയാണ് ലോകകപ്പ് ഫുട്ബാളിന്റെ നടത്തിപ്പിനോടനുബന്ധിച്ച് ഖത്തര്‍ ക്ഷണിക്കുന്നത്.

അപേക്ഷകര്‍ക്ക് 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഇംഗ്ലീഷും അറബിക്കും സംസാരിക്കാനറിയുന്നത് കൂടുതല്‍ നേട്ടമായിരിക്കും. മുന്‍കാല പരിചയം ആവശ്യമില്ലെന്ന് മാത്രമല്ല വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം നല്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ അഡിഡാസ് യൂണിഫോമും തങ്ങളുടെ പ്രവര്‍ത്തന ഷിഫ്റ്റില്‍ ഭക്ഷണവും പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ യാത്രയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് അരങ്ങേറുന്നതെങ്കിലും ചില വളണ്ടിയര്‍മാര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങേണ്ടി വരും.

