
ദോഹ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലാ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ ഓഫിസിനും എര്ബില് ഗവര്‍ണറേറ്റിലെ സുരക്ഷാ- ഇന്റലിജന്‍സ് ഏജന്‍സി മേധാവിയുടെ വസതിക്കും നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ഇറാഖ് റിപ്പബ്ലിക്കിന്റെയും ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയുടെയും പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അന്യായവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ സംഭാഷണവും നയതന്ത്ര ശ്രമങ്ങളും തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിനോടും ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയോടുമുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇറാഖും കുര്‍ദിസ്ഥാന്‍ മേഖലയും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

