
ദോഹ: ഇബ്രാഹിമി പള്ളിയുടെ ഭരണത്തിന്റെയും മേല്‍നോട്ടത്തിന്റെയും അധികാരം ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തില്‍ നിന്നും ഹെബ്രോണ്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും കിര്യത്ത് അര്‍ബ സെറ്റില്‍മെന്റിലെ ജൂത മത കൗണ്‍സിലിന് കൈമാറാനുള്ള ഇസ്രായേലിന്റെ അധിനിവേശ പദ്ധതിയെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നിയമാനുസൃതമായ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഖത്തര്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ഇബ്രാഹിമി പള്ളിയുടെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ എല്ലാ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ശ്രമങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നതായും അതേസമയം, ഫലസ്തീനിലെ മതപരമായ പവിത്രതകള്‍ സംരക്ഷിക്കുന്നതിനുള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ഫലസ്തീന്‍ ജനതയുടെ യഥാര്‍ഥ ഐഡന്റിറ്റി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അവരുടെ ക്രിമിനല്‍ പദ്ധതികള്‍ നിര്‍ത്താന്‍ ഇസ്രായേലി അധിനിവേശ അധികാരികളെ നിര്‍ബന്ധിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
