നമീബിയ തീരത്ത് പുതിയ എണ്ണശേഖരം കണ്ടെത്തി ഖത്തര്‍ എനര്‍ജി

Web Desk
1 Min Read

ദോഹ: നമീബിയയുടെ തീരപ്രദേശത്തെ പെട്രോളിയം എക്‌സ്‌പ്ലോറേഷന്‍ ലൈസന്‍സ് 39 മേഖലയില്‍ നടത്തിയ പര്യവേക്ഷണത്തില്‍ പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. മെര്‍ലിന്‍-1എക്‌സ് എന്ന പര്യവേക്ഷണ കിണറ്റില്‍ നിന്നാണ് പ്രതീക്ഷ നല്‍കുന്ന ഫലങ്ങള്‍ ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.

city exchange

ലൈസന്‍സിന് കീഴില്‍ ഇതുവരെ തുരന്ന പത്ത് കിണറുകളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഭൂഗര്‍ഭ ഫലങ്ങളാണ് മെര്‍ലിന്‍-1എക്‌സില്‍ നിന്ന് ലഭിച്ചതെന്ന് ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. മികച്ച നിലവാരമുള്ള സംഭരണശേഷി, ലഘു ക്രൂഡ് ഓയില്‍ സാന്നിധ്യം, കുറഞ്ഞ അളവിലുള്ള അനുബന്ധ വാതകം എന്നിവയാണ് കണ്ടെത്തലിന്റെ പ്രധാന പ്രത്യേകതകള്‍.

കണ്ടെത്തലിനെക്കുറിച്ച് പ്രതികരിച്ച ഖത്തറിന്റെ ഊര്‍ജകാര്യ സഹമന്ത്രി കൂടിയായ ഖത്തര്‍ എനര്‍ജി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സഅദ് ഷെരീദ അല്‍ കഅബി നമീബിയയില്‍ ഇതിന് മുമ്പ് പ്രഖ്യാപിച്ച മൂന്ന് എണ്ണക്കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഈ നേട്ടമെന്നും പറഞ്ഞു.

ഓറഞ്ച് ബേസിന്‍ ലോകോത്തര ഹൈഡ്രോകാര്‍ബണ്‍ മേഖലയായി വളര്‍ന്നുവരുകയാണെന്ന വിശ്വാസം ഈ കണ്ടെത്തല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം, ഉയര്‍ന്ന പ്രാധാന്യമുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര അപ്‌സ്ട്രീം പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുകയെന്ന ഖത്തര്‍ എനര്‍ജിയുടെ തന്ത്രവുമായി ഇത് പൊരുത്തപ്പെടുന്നതുമാണെന്നും അല്‍ കഅബി വ്യക്തമാക്കി.

- Advertisement -
Ad image

പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കിയ നമീബിയ സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഈ നേട്ടത്തില്‍ പങ്കാളികളായ ഷെല്ലിനെയും നമീബിയ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനെയും അഭിനന്ദിക്കുകയും ചെയ്തു.

നമീബിയയുടെ തീരപ്രദേശത്തെ നാല് ഓഫ്ഷോര്‍ പര്യവേക്ഷണ ലൈസന്‍സുകളിലാണ് ഖത്തര്‍ എനര്‍ജിക്ക് ഓഹരിയുള്ളത്. പിഇഎല്‍ 0039-ല്‍ 45 ശതമാനവും പിഇഎല്‍ 0056-ല്‍ 35.25 ശതമാനവും പിഇഎല്‍ 0091-ല്‍ 33.03 ശതമാനവും പിഇഎല്‍ 0090-ല്‍ 27.5 ശതമാനവും കമ്പനിക്ക് ഓഹരിയുണ്ട്. ഏകദേശം 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങളാണ് ഈ ലൈസന്‍സുകള്‍ ഉള്‍ക്കൊള്ളുന്നത്.

Share This Article
Leave a Comment
error: Content is protected !!