
ദോഹ: ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. തുമാമ മാളിലെ അല്‍ സാജ് കിച്ചണില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളടക്കം നൂറോളം പേര്‍ പങ്കെടുത്തു.

കൂട്ടായ്മയുടെ പ്രതിനിധി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ സൗഹൃദവും വിളിച്ചോതുന്ന വിവിധ കലാ- വിനോദ പരിപാടികള്‍ അരങ്ങേറി. സൗഹൃദ സംഗമത്തോടൊപ്പം രസകരമായ വിവിധ മത്സരങ്ങളും ഗെയിംസും സംഘടിപ്പിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഭക്ഷ്യമേഖലയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ ഒരുമിച്ച് ഒത്തുചേര്‍ന്നത് പരസ്പര സൗഹൃദവും ആശയവിനിമയവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനും അവസരമായി.
കൂട്ടായ്മയുടെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷമീര്‍ റിയാസ് ഖാന്‍, അഫീഫ്, ശ്രീജിത്ത് ബാലു, അഷിന്‍ റഹീം, നവാസ്, അഫീത എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നല്‍കി. പരിപാടിക്ക് നൗഷാദ് മൂത്തേടത്ത് നന്ദി പറഞ്ഞു.

