
ദോഹ: ഖത്തര്‍ കായിക- യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ ഫെഡറേഷന്‍ മെയ് 24ന് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വണ്‍ റണ്‍ ഫോര്‍ ആള്‍ എന്ന ആഗോള ഹാഫ് മാരത്തോണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കും. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി വിവിധ പ്രായ വിഭാഗങ്ങളിലായി 2,500ല്‍ അധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ദോസരി മത്സരത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തറില്‍ മൂന്നാം തവണയാണ് ഈ മാരത്തോണ്‍ സംഘടിപ്പിക്കപ്പെടുന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ഹാഫ് മാരത്തോണ്‍ മത്സരങ്ങളിലൊന്നിന് വീണ്ടും ദോഹ ആതിഥേയത്വം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

110ലധികം രാജ്യങ്ങളില്‍ ഒരേസമയം നടക്കുന്ന ഈ മാരത്തോണില്‍ ലോകമെമ്പാടുമായി 2 ലക്ഷത്തിലധികം റണ്ണേഴ്‌സ് പങ്കെടുക്കും. ഇതില്‍ റഷ്യയില്‍ നിന്നുള്ള 1.6 ലക്ഷം പേരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 40,000ത്തിലധികം പേരും ഉള്‍പ്പെടും. സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ചൈന, ബ്രസീല്‍, സെര്‍ബിയ, കാമറൂണ്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും മത്സരത്തിന്റെ ഭാഗമാകും.
400 മീറ്റര്‍ കുട്ടികളുടെ റേസ് ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2.5 കിലോമീറ്റര്‍ റേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21.1 കിലോമീറ്റര്‍ റേസുകളും ഉണ്ടായിരിക്കും.
റണ്ണിംഗ് പ്രേമികള്‍ക്കായി ആവേശകരമായ ഒരു സായാഹ്നമായിരിക്കും പരിപാടിയെന്ന് അബ്ദുല്ല അല്‍ ദോസരി പറഞ്ഞു. വൈകിട്ട് 4.30 മുതല്‍ ഫാന്‍ സോണില്‍ വിനോദപരിപാടികള്‍ ആരംഭിക്കും. രാത്രി 9 മണിക്കാണ് റേസുകള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും രാത്രി 10 മണിക്കകം സമാപിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
മത്സരദിനം പങ്കെടുക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രത്യേക അനുഭവമായിരിക്കുമെന്നും മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

