Featured
ഖത്തര്‍- ഇന്ത്യാ മത്സരം ചൊവ്വാഴ്ച

ദോഹ: സൗദി അറേബ്യയിലെ അല്‍ അഹ്സയില്‍ അഫ്ഗാനിസ്ഥാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഖത്തര്‍ ഫുട്ബാള്‍ ടീം ചൊവ്വാഴ്ച ഇന്ത്യയുമായി
ഏറ്റുമുട്ടും. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.


ഇന്ന് ആസ്പയറില്‍ ഖത്തര്‍ ടീമിന്റെ വിപുലമായ പരിശീലന സെഷന്‍ നടക്കുന്നുണ്ട്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനുള്ളത്. നിലവില്‍ അഞ്ച് പോയിന്റുമായി ഗ്രൂപ്പില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗോള്‍ വ്യത്യാസത്തില്‍ അഫ്ഗാനിസ്ഥാനെക്കാള്‍ ഇന്ത്യ മുന്നിലാണ്.


വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ കുവൈത്തിനെതിരായ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇതിഹാസ താരം സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
വൈകിട്ട് 6.45ന് ആരംഭിക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ടിക്കറ്റുകള്‍ qfa.qaല്‍ നിന്ന് വാങ്ങാവുന്നതാണ്.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്, വിശാല്‍ കൈത്. ഡിഫന്‍ഡര്‍മാര്‍: അന്‍വര്‍ അലി, ജയ് ഗുപ്ത, മെഹ്താബ് സിംഗ്, നരേന്ദര്‍, നിഖില്‍ പൂജാരി, രാഹുല്‍ ഭേക്കെ. മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, എഡ്മണ്ട് ലാല്‍റിന്‍ഡിക, ജീക്‌സണ്‍ സിംഗ് തൗണോജം, ലാലിയന്‍സുവാല ചാങ്തെ, ലിസ്റ്റണ്‍ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, നന്ദകുമാര്‍ സെക്കര്‍, സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് സിംഗ് വാങ്ജാം. ഫോര്‍വേഡുകള്‍: മന്‍വീര്‍ സിംഗ്, റഹീം അലി, വിക്രം പ്രതാപ് സിംഗ്, ഡേവിഡ് ലാല്‍ലന്‍സംഗ.


