
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഖത്തര്‍ 2025-ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി അവസാന മൂന്ന് മത്സരങ്ങള്‍ വിജയകരമായി ആതിഥ്യമരുളാന്‍ പൂര്‍ണ സന്നദ്ധത പ്രഖ്യാപിച്ചതായി ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ടൂര്‍ണമെന്റ് ഡിസംബര്‍ 10, 13, 17 തിയ്യതികളില്‍ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ തുടരുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025-ന്റെ വിശ്രമ ദിവസങ്ങളിലാണ് ഈ മത്സരങ്ങള്‍, ഇതിലൂടെ ലോകതലത്തില്‍ ഫുട്‌ബോള്‍ ഇവന്റുകള്‍ അതിവേഗവും മികച്ചതുമായ രീതിയില്‍ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ശേഷി വീണ്ടും തെളിയിക്കപ്പെടും.

ടൂര്‍ണമെന്റിന് പ്രാദേശികവും അന്തര്‍ദേശീയവുമായ ആരാധകരില്‍ നിന്നും മികച്ച ശ്രദ്ധ ടൂര്‍ണമെന്റിന് ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കി.
ഡിസംബര്‍ 17ന് നടക്കുന്ന ഫൈനല്‍ കാണാനെത്തുന്നവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തു. പാരിസ് സെയ്ന്റ ജര്‍മെയ്ന്‍, ഫിഫ ചലഞ്ചര്‍ കപ്പ് ഖത്തര്‍ 2025 വിജയിയെ നേരിടുന്ന ഫൈനലിനാണ് ഈ സൗകര്യം. മത്സര ദിവസങ്ങളില്‍, ആക്‌സസിബിലിറ്റിയോടെയുള്ള യാത്രാ സേവനങ്ങളും അല്‍ റിഫാ മെട്രോ സ്റ്റേഷന്‍ (ഗ്രീന്‍ ലൈന്‍) വഴി അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും മെട്രോ നല്‍കും.
ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ആരാധകര്‍ക്ക്, തങ്ങളുടെ ദോഹ സന്ദര്‍ശനത്തിനിടെ രാജ്യത്തിന്റെ സാംസ്‌കാരിക, വിനോദ പരിപാടികള്‍ അനുഭവിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
ടിക്കറ്റുകള്‍ www.roadtoqatar.qaല്‍ ലഭ്യമാണ്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ ആയിരിക്കും. കളി കാണാനെത്തുന്ന പ്രത്യേക അവകാശങ്ങളുള്ളവര്‍ക്ക് പ്രത്യേക സീറ്റുകളുടെ സൗകര്യവും ലഭിക്കും. ആവശ്യക്കാര്‍ക്ക് [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം. ആക്‌സസിബിലിറ്റി ടിക്കറ്റുകള്‍ 20 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. സ്റ്റേഡിയത്തേക്ക് വരുന്നതിന് മുമ്പ് ടിക്കറ്റുകളില്‍ പ്രവേശിക്കാന്‍ റോഡ് ടു ഖത്തര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഒരാള്‍ക്ക് ഓരോ മത്സരത്തിനും പരമാവധി ആറു ടിക്കറ്റുകള്‍ വരെ വാങ്ങാം.

