ഖത്തര്‍ മ്യൂസിയംസും ഉസ്ബെക്കിസ്ഥാന്‍ എ സി ഡി എഫും അഞ്ച് വര്‍ഷത്തെ സഹകരണ കരാറില്‍ ഒപ്പുവെച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ മ്യൂസിയംസും ഉസ്ബെക്കിസ്ഥാനിലെ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനും (എ സി ഡി എഫ്) തമ്മില്‍ അഞ്ച് വര്‍ഷത്തെ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ദീര്‍ഘകാല സ്ഥാപനതല സഹകരണത്തിന് വഴിയൊരുക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നത്.

city exchange

ഖത്തറിന്റെ വിശാലമായ സാംസ്‌കാരിക നയതന്ത്ര ചട്ടക്കൂടിന്റെയും ‘ഇയേഴ്സ് ഓഫ് കള്‍ച്ചര്‍’ പദ്ധതിയുടെയും ഭാഗമായി നടപ്പാക്കുന്ന ഈ തന്ത്രപരമായ സഹകരണം മാനവവിഭവശേഷി വികസനം, ഗവേഷണം, സംയുക്ത കലാപദ്ധതികള്‍, പൈതൃക സംരക്ഷണം എന്നിവയിലൂടെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കും.

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി കൂടിയായ ഖത്തര്‍ മ്യൂസിയംസ് ബോര്‍ഡ് അംഗം ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദും എ സി ഡി എഫ് ചെയര്‍പേഴ്സണ്‍ ഗയാനെ ഉമെറോവയും കരാറില്‍ ഒപ്പുവെച്ചു.

സംരംഭത്തിന് പിന്നിലെ കാഴ്ചപ്പാട് വിശദീകരിച്ച ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, സംസ്‌കാരത്തില്‍ നടത്തുന്ന നിക്ഷേപം അടിസ്ഥാനപരമായി മനുഷ്യരിലുള്ള നിക്ഷേപമാണെന്ന് വ്യക്തമാക്കി.

- Advertisement -
Ad image

പൈതൃക സംരക്ഷണവും പ്രതിഭാ വികസനവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും അന്താരാഷ്ട്ര വേദിയില്‍ സര്‍ഗാത്മക മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതിയ അവസരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

നൂറ്റാണ്ടുകളായി വിവിധ നാഗരികതകളുടെ സംഗമകേന്ദ്രമായി നിലകൊണ്ട ഉസ്ബെക്കിസ്ഥാന്റെ പൈതൃകത്തെ ചൂണ്ടിക്കാട്ടിയ ഉമെറോവ, കലാകാരന്മാര്‍ക്കും സമൂഹങ്ങള്‍ക്കും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ കരാര്‍ നിര്‍ണായക നാഴികക്കല്ലാണെന്ന് പറഞ്ഞു.

കരാറിന്റെ ഭാഗമായി ശേഷി വികസനം, സര്‍ഗാത്മക വ്യവസായങ്ങള്‍, ഇസ്ലാമിക പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇരു സ്ഥാപനങ്ങളും സഹകരിക്കും. കലാകാരന്മാര്‍ക്കായുള്ള റെസിഡന്‍സി പദ്ധതികള്‍, പ്രൊഫഷണല്‍ പരിശീലനം, സംയുക്ത പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കു പുറമെ ഡിസൈന്‍, കരകൗശലം, സിനിമ, ഫാഷന്‍, പാചകകല തുടങ്ങിയ വിവിധ മേഖലകളിലും സംയുക്ത പദ്ധതികള്‍ നടപ്പാക്കും.

ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളുടെയും പൈതൃക സ്മാരകങ്ങളുടെയും പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും വിദഗ്ധ അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും കരാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണത്തിന്റെ വിപുലമായ പദ്ധതികള്‍ക്ക് ഈ സ്ഥാപനതല ബന്ധം കൂടുതല്‍ കരുത്തേകും. ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ നിലവില്‍ ‘ഉസ്ബെക്കിസ്ഥാന്‍: ഹെറിറ്റേജ് ഇന്‍ മോഷന്‍’ പ്രദര്‍ശനം സെപ്റ്റംബര്‍ 3 മുതല്‍ നവംബര്‍ 28 വരെ നടക്കുകയാണ്.

ഇതിനൊപ്പം, ഖത്തരി കലാകാരന്മാര്‍ താഷ്‌കെന്റ്, സമര്‍ഖണ്ഡ്, ബുഖാറ എന്നിവിടങ്ങളിലേക്കുള്ള സാംസ്‌കാരിക സന്ദര്‍ശനത്തിനിടെ സൃഷ്ടിച്ച ഒറിജിനല്‍ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ ‘എക്തഷിഫ് ഉസ്ബെക്കിസ്ഥാന്‍ എക്‌സിബിഷന്‍’ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രഥമ ഡിസൈന്‍ ദോഹ ബിനാലെയില്‍ ഉസ്ബെക്കിസ്ഥാന്‍ പങ്കെടുത്തതടക്കമുള്ള മുന്‍ സഹകരണ പദ്ധതികളുടെ തുടര്‍ച്ചയായാണ് പുതിയ കരാര്‍. കൂടാതെ, സമര്‍ഖണ്ഡിലെ ചരിത്രപ്രസിദ്ധമായ ബിബി- ഖാനിം മസ്ജിദ് സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിനായി 2024 അവസാനത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് 4.175 ദശലക്ഷം ഡോളറിന്റെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!