
ദോഹ: ജീവിത നിലവാരവുമായി ബന്ധപ്പെട്ട ഡാറ്റയ്ക്കുള്ള ആഗോള ക്രൗഡ്സോഴ്സ് പ്ലാറ്റ്ഫോമായ നംബിയോ പുറത്തിറക്കിയ ഏറ്റവും പുതിയ ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് 2026 പ്രകാരം ലോകത്തെ മികച്ച ആരോഗ്യപരിചരണ സംവിധാനങ്ങളുള്ള മുന്‍നിര 20 രാജ്യങ്ങളില്‍ ഖത്തര്‍ വീണ്ടും ഇടം നേടി.

റാങ്കിങ്ങ് പട്ടിക പ്രകാരം 2025ലെ പോലെ തന്നെ 2026ലും ഖത്തര്‍ 18-ാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍, രാജ്യത്തിന്റെ ആകെ സ്‌കോര്‍ 73.4ല്‍ നിന്ന് 73.6ലേക്ക് ഉയര്‍ന്നതോടെ ആരോഗ്യപരിചരണ സംവിധാനത്തിന്റെ ഗുണനിലവാരത്തില്‍ തുടര്‍ച്ചയായ പുരോഗതി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി ശേഷിവികസനം, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കല്‍, സേവനങ്ങളുടെ ഗുണനിലവാരം എന്നിവയില്‍ ഖത്തറിന്റെ ആരോഗ്യപരിചരണ സംവിധാനം ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ലഭ്യമാകുന്ന, ഉയര്‍ന്ന നിലവാരമുള്ള, ഉള്‍ക്കൊള്ളുന്ന ആരോഗ്യപരിചരണം ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നു. ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, പ്രതിരോധപരിചരണം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര അംഗീകാരങ്ങള്‍ എന്നിവയില്‍ നടത്തിയ വന്‍ നിക്ഷേപങ്ങള്‍ ഖത്തറിനെ ആഗോളതലത്തില്‍ മുന്‍നിര ആരോഗ്യപരിചരണ രാജ്യങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
