
ദോഹ: വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖത്തര്‍ ടൂറിസം അവാര്‍ഡ്‌സിന്റെ നാലാം പതിപ്പിലേക്കുള്ള ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിച്ചു. പൊതുജന വോട്ടെടുപ്പിനും തുടക്കമായി.

35 ഉപവിഭാഗങ്ങളിലായി ഏഴ് പ്രധാന വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച 1,623-ലധികം നാമനിര്‍ദേശങ്ങളില്‍നിന്ന് 276 പേരും സ്ഥാപനങ്ങളുമാണ് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയത്. ഒക്ടോബര്‍ 12 വരെ ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഇതിലൂടെ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ തzരഞ്ഞെടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും നേരിട്ട് പങ്കാളികളാകാം.

നവംബര്‍ 23ന് നടക്കുന്ന പുരസ്‌കാരച്ചടങ്ങില്‍ ഖത്തറിന്റെ ടൂറിസം മേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുന്നവരെയും സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള അനുഭവങ്ങള്‍ ഒരുക്കുന്നവരെയും ആദരിക്കും.
സര്‍വീസ് എക്‌സലന്‍സിന് 83 നാമനിര്‍ദേശങ്ങള്‍
ഈ വര്‍ഷത്തെ ഷോര്‍ട്ട്ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങളുള്ള വിഭാഗം സര്‍വീസ് എക്‌സലന്‍സ് ആണ്. 11 ഉപവിഭാഗങ്ങളിലായി 83 നാമനിര്‍ദേശങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
മികച്ച ത്രീ സ്റ്റാര്‍ ഹോട്ടല്‍- 4, മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍- 6, മികച്ച ഫൈവ് സ്റ്റാര്‍ ഹോട്ടല്‍- 15, മികച്ച സ്പാ അനുഭവം- 8, മികച്ച റിസോര്‍ട്ട് അനുഭവം- 7, മികച്ച ഹോളിഡേ ഹോം അനുഭവം- 8, മികച്ച പുതിയ ടൂറിസം താമസസൗകര്യം- 4, ‘ഹാര്‍ട്ട് ഓഫ് ഹോസ്പിറ്റാലിറ്റി’ അവാര്‍ഡ്- 10, മികച്ച ചീഫ് കോണ്‍സിയര്‍ജ്- 5, ടൂര്‍ ഗൈഡ് ഓഫ് ദ ഇയര്‍- 6, മികച്ച ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി- 10,
ഗ്യാസ്‌ട്രോണമിക് എക്‌സ്പീരിയന്‍സസില്‍ 61 നാമനിര്‍ദേശങ്ങള്‍. ആറ് ഉപവിഭാഗങ്ങളിലായി ഗ്യാസ്‌ട്രോണമിക് എക്‌സ്പീരിയന്‍സസ് വിഭാഗത്തില്‍ 61 നാമനിര്‍ദേശങ്ങളുണ്ട്. മികച്ച ഫൈന്‍ ഡൈനിംഗ് അനുഭവം (12), മികച്ച കാഷ്വല്‍ ഡൈനിംഗ് അനുഭവം (10), പ്രീമിയര്‍ ക്വിക്ക് സര്‍വീസ് അനുഭവം (10), ശ്രദ്ധേയമായ കഫേ അനുഭവം (10), മികച്ച പരമ്പരാഗത ഖത്തറി ഭക്ഷണ അനുഭവം (10), മികച്ച പുതിയ റെസ്റ്റോറന്റ് (9) എന്നിവയാണ് ഉപവിഭാഗങ്ങള്‍.
ഐക്കോണിക് ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും
ഐക്കോണിക് അട്രാക്ഷന്‍സ് ആന്‍ഡ് ആക്ടിവിറ്റീസ് വിഭാഗത്തില്‍ ആറ് ഉപവിഭാഗങ്ങളിലായി 40 നാമനിര്‍ദേശങ്ങളുണ്ട്. സാംസ്‌കാരിക ടൂറിസം അനുഭവം, സാഹസിക ടൂറിസം അനുഭവം, മികച്ച പ്രാദേശിക റീട്ടെയില്‍ ബ്രാന്‍ഡ്, മികച്ച ഷോപ്പിംഗ് മാള്‍ അനുഭവം, മികച്ച തീം പാര്‍ക്ക് അനുഭവം, ഐക്കോണിക് ലോക്കല്‍ അട്രാക്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വേള്‍ഡ് ക്ലാസ് ഇവന്റ്‌സ് വിഭാഗത്തില്‍ നാല് ഉപവിഭാഗങ്ങളിലായി 25 നാമനിര്‍ദേശങ്ങളാണ് ഉള്ളത്. ഈ വര്‍ഷത്തെ മികച്ച മൈസ് ഇവന്റ്, പ്രാദേശിക സംസ്‌കാരം ആഘോഷിക്കുന്ന മികച്ച ഇവന്റ്, ഈ വര്‍ഷത്തെ മികച്ച കായിക ഇവന്റ്, മികച്ച മള്‍ട്ടി പര്‍പ്പസ് മൈസ് ആന്റ് ഇവന്റ്‌സ് വേദി എന്നിവയാണ് വിഭാഗങ്ങള്‍.
ഡിജിറ്റല്‍ ഫുട്പ്രിന്റ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി 25 നാമനിര്‍ദേശങ്ങളുണ്ട്. മികച്ച ഡെസ്റ്റിനേഷന്‍ ക്യാംപെയ്ന്‍, ടൂറിസം ഇന്‍ഫ്‌ളുവന്‍സര്‍/ കണ്ടന്റ് ക്രിയേറ്റര്‍ ഓഫ് ദ ഇയര്‍, മികച്ച ഖത്തര്‍ ട്രാവല്‍ വ്‌ളോഗ് ഓഫ് ദ ഇയര്‍ എന്നിവയാണ് ഉപവിഭാഗങ്ങള്‍.
സ്മാര്‍ട്ട് ആന്‍ഡ് സസ്റ്റെയിനബിള്‍ ടൂറിസം വിഭാഗത്തില്‍ നാല് ഉപവിഭാഗങ്ങളിലായി 30 നാമനിര്‍ദേശങ്ങളുണ്ട്. ടൂറിസം ഇന്നൊവേഷന്‍ അവാര്‍ഡ്, ആക്‌സസിബിലിറ്റി ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍, മികച്ച സുസ്ഥിര ടൂറിസം ആകര്‍ഷണം, മികച്ച പരിസ്ഥിതി സൗഹൃദ താമസസൗകര്യം എന്നിവയാണ് വിഭാഗങ്ങള്‍.
കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് വിഭാഗത്തില്‍ ഹോട്ടേലിയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായി 12 നാമനിര്‍ദേശങ്ങളാണുള്ളത്.
ഖത്തറിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുകയാണ് ഖത്തര്‍ ടൂറിസം അവാര്‍ഡ്‌സിന്റെ ലക്ഷ്യം. ടൂറിസം മേഖലയിലെ സേവന മികവ്, നൂതന ആശയങ്ങള്‍, മികച്ച പ്രവര്‍ത്തനരീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഖത്തറിലെ ടൂറിസം രംഗത്തെ വിവിധ പങ്കാളികളുടെ നേട്ടങ്ങള്‍ അംഗീകരിക്കാനും അവാര്‍ഡ് ലക്ഷ്യമിടുന്നു.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത മുഴുവന്‍ നാമനിര്‍ദേശങ്ങളുടെ പട്ടിക ഖത്തര്‍ ടൂറിസം അവാര്‍ഡ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒക്ടോബര്‍ 12 വരെയാണ് പൊതുജന വോട്ടെടുപ്പ്. ടൂറിസം കണ്ടന്റ് ക്രിയേറ്റര്‍ ഓഫ് ദ ഇയര്‍, ഖത്തര്‍ ടൂറിസം വ്‌ളോഗ് ഓഫ് ദ ഇയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലെ ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാം.
വോട്ടെടുപ്പിനായി qtawards.qa/vote എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

