
ദോഹ: അല്‍-സുവൈദ ഗവര്‍ണറേറ്റിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും തെക്കന്‍ സിറിയയിലെ സ്ഥിരത വര്‍ധിപ്പിക്കുന്നതിനുമായി സിറിയ, ജോര്‍ദാന്‍, യു എസ് എന്നിവ അംഗീകരിച്ച റോഡ്മാപ്പിനെ ഖത്തര്‍ സ്വാഗതം ചെയ്തു. പുതിയ സിറിയയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനും മേഖലയിലെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനുമുള്ള കൂട്ടായ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന ചുവടുവയ്പ്പായി ഖത്തര്‍ ഇതിനെ കണക്കാക്കി.

സിവില്‍ സമാധാനവും ദേശീയ അനുരഞ്ജനവും വളര്‍ത്തിയെടുക്കല്‍, ഉത്തരവാദിത്തവും നീതിയും കൈവരിക്കല്‍, സിവിലിയന്മാരെ സംരക്ഷിക്കല്‍, സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും രാജ്യം കെട്ടിപ്പടുക്കല്‍, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സിറിയന്‍ ജനതയുടെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കല്‍ എന്നിവയുള്‍പ്പെടെ സിറിയയില്‍ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയെയും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ജനതയുടെ അഭിലാഷങ്ങളെയും പിന്തുണയ്ക്കുന്ന ഖത്തറിന്റെ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.
