

ദോഹ: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് എത്തുന്ന നിരവധി ഫുട്ബാള്‍ പ്രേമികള്‍ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിനോദ സഞ്ചാരത്തില്‍ കുതിച്ചുയരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദുബൈ, അബുദാബി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ തിരക്കേറിയ ശൈത്യകാല ടൂറിസം സീസണുകളിലൊന്നായിരിക്കും നവംബര്‍, ഡിസംബറെന്ന് അബൂദാബിയുടെ ദി നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒട്ടുമിക്ക ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഏകദേശം ഒരു മണിക്കൂറോ അതില്‍ താഴെയോ സമയത്തിനുള്ളില്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്ിതല്‍ എത്തിച്ചേരാനാകും. മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ നിരവധി ഹോട്ടല്‍ സൗകര്യങ്ങളും ലഭ്യമാണ്. യു എ ഇയില്‍ 180,000ലേറെ ഹോട്ടല്‍ മുറികളിണ്ട്. അതില്‍ ഒരുലക്ഷവും ദുബൈയിലാണ്. ബഹറൈനില്‍ പതിനെട്ടായിരത്തിലധികം ഹോട്ടല്‍ മുറികളാണുള്ളത്. സൗദി അറേബ്യയിലാകട്ടെ ആറു ലക്ഷത്തോളം ഹോട്ടല്‍ മുറികളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ടല്‍ താമസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ദോഹ ശതകോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും സന്ദര്‍ശക പ്രവാഹത്തില്‍ അവയുടെ അപര്യാപ്തത അനുഭവപ്പെട്ടേക്കും. ദോഹയില്‍ ഒരുലക്ഷത്തി മുപ്പതിനായിരത്തോളം മുറികളാണ് ഹോട്ടലുകളിലുള്ളത്. അതുകൊണ്ടുതന്നെ യു എ ഇ, ഒമാന്‍, ബഹറൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് ആകര്‍ഷകമായ ബദല്‍ ലക്ഷ്യങ്ങളായിരിക്കും. എന്നാല്‍ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് ഇത്തരം യാത്രകള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുമുണ്ട്.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ ഒന്നര ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടുന്ന 32 രാജ്യങ്ങളും മറ്റ് നിരവധി ആഗോള ആരാധകരും എത്തുന്നതോടെ ആവശ്യക്കാരുടെ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റിന്റെ ആദ്യഘട്ട വില്‍പ്പന ആരംഭിച്ചതോടെ കളിയാരാധകരില്‍ താത്പര്യം വര്‍ധിച്ചുവെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ്, ഡ്‌നാട്ട ട്രാവല്‍, ഇത്തിഹാദ്, ഹില്‍ട്ടണ്‍, ബഹറൈന്‍ ടൂറിസം അതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ പറയുന്നത്.
മസ്‌ക്കത്തില്‍ നിന്ന് ദോഹയിലേക്ക് ഒന്നര മണിക്കൂര്‍ വിമാന യാത്രയുണ്ടെങ്കിലും ഒമാന്‍ എയറില്‍ ഏകദേശം 2300 ദിര്‍ഹമാണ് ചാര്‍ജ് ഈടാക്കുമെന്നു പറയുന്നതിനാല്‍ ആരാധകരില്‍ നിരവധി പേര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. ആവശ്യക്കാരുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ ഇത്തിഹാദ് എയര്‍വെയ്‌സ് അബൂദാബിക്കും ദോഹയ്ക്കുമിടയില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ആറ് പ്രതിദിന വിമാനങ്ങളായി വര്‍ധിപ്പിക്കും.

