
വാഷിംഗ്ടണ്‍: അലക്‌സ് ബ്രൂസെവിറ്റ്‌സിന് ഖത്തറുമായി ബന്ധമുള്ള വ്യക്തികളില്‍നിന്ന് ഏകദേശം അഞ്ച് ലക്ഷം ഡോളര്‍ ലഭിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ ഖത്തര്‍ എംബസി വ്യക്തമാക്കി. ആരോപണം പൂര്‍ണമായും നിഷേധിച്ച എംബസി, ഖത്തര്‍ ഭരണകൂടത്തില്‍നിന്നോ അതിന്റെ നിര്‍ദേശപ്രകാരമോ ബ്രൂസെവിറ്റ്‌സിന് യാതൊരു പണവും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.

നവംബര്‍ 10ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് എംബസി നിലപാട് വ്യക്തമാക്കിയത്. നവംബര്‍ ഒമ്പതിന് ന്യൂയോര്‍ക്ക് ടൈംസും മറ്റ് മാധ്യമങ്ങളും ഫ്‌ളോറിഡയില്‍ സമര്‍പ്പിച്ച സിവില്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രൂസെവിറ്റ്‌സിന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഡെറക് ഉട്ട്ലിയാണ് കേസില്‍ ആരോപണം ഉന്നയിച്ചത്. ഖത്തറുമായി ബന്ധമുള്ള വ്യക്തികളില്‍നിന്ന് ബ്രൂസെവിറ്റ്‌സ് ഏകദേശം അഞ്ച് ലക്ഷം ഡോളര്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

എന്നാല്‍, ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഖത്തര്‍ എംബസി വ്യക്തമാക്കി. ആരോപണം ശരിവെക്കുന്ന തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും എംബസി ചൂണ്ടിക്കാട്ടി.
വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഖത്തറിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറായില്ലെന്നും എംബസി വിമര്‍ശിച്ചു.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണം കോടതിയില്‍ തിരുത്തണമെന്ന് ഡെറക് ഉട്ട്ലിയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടതായും എംബസി പ്രസ്താവനയില്‍ അറിയിച്ചു.

