ഖത്തറി മാധ്യമ പ്രവര്‍ത്തകനും നോവലിസ്റ്റുമായ ഡോ. അഹമ്മദ് അബ്ദുല്‍ മാലിക് അന്തരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ മാധ്യമ- സാംസ്‌കാരിക പ്രവര്‍ത്തകനും നോവലിസ്റ്റും ദി പെനിന്‍സുല, അല്‍ ഷര്‍ഖ് പത്രങ്ങളുടെ മുന്‍ എഡിറ്റര്‍- ഇന്‍-ചീഫുമായ ഡോ. അഹമ്മദ് അബ്ദുല്‍മാലിക് അല്‍ ഹമ്മാദി (75) അന്തരിച്ചു.

city exchange

ദശകങ്ങള്‍ നീണ്ട സമര്‍പ്പിത സേവനത്തിലൂടെ ഖത്തറിലെ മാധ്യമ- സാഹിത്യ ലോകത്ത് ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. 1976ല്‍ ലെബനനിലെ ബെയ്‌റൂത്ത് സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയും സാഹിത്യവും വിഷയമായി ബിരുദം നേടുകയും 1983ല്‍ അമേരിക്കയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് (ബഫലോ)യില്‍ നിന്ന് വിദ്യാഭ്യാസ മാധ്യമ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും 1989ല്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ യൂണിവേഴ്സിറ്റി ഓഫ് വെയില്‍സില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റും നേടി.

1972ല്‍ ഖത്തര്‍ ടെലിവിഷനില്‍ അവതാരകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1976ല്‍ ടെക്സ്റ്റ്സ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ യൂണിറ്റ് മേധാവി, പിന്നീട് വാര്‍ത്താവിഭാഗം മേധാവി തുടങ്ങിയ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. 1993 മുതല്‍ 1999 വരെ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി സി സി) മീഡിയ അഫയേഴ്‌സ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ദേശീയ സാംസ്‌കാരിക, കല, പൈതൃക കൗണ്‍സിലിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

ഖത്തറിലെ മാധ്യമ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നതില്‍ ഡോ. അബ്ദുല്‍മാലിക് നിര്‍ണായക പങ്കുവഹിച്ചു. 1983 മുതല്‍ 2004 വരെ ഖത്തര്‍ സര്‍വകലാശാലയില്‍ മീഡിയ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 2014ല്‍ കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തറിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

1970ല്‍ അല്‍ ഉറൂബ മാസികയിലൂടെ എഴുത്തുജീവിതം ആരംഭിച്ച ഡോ. അഹമ്മദ് അബ്ദുല്‍മാലിക് സാഹിത്യരംഗത്ത് പുരോഗമനപരവും പുതുമയെ സ്വാഗതം ചെയ്യുന്ന സമീപനത്തിന്റെ പ്രതിനിധിയായിരുന്നു.

ആറ് നോവലുകള്‍, നാല് ചെറുകഥാ സമാഹാരങ്ങള്‍, സംസ്‌കാരം, സാഹിത്യം, മാധ്യമം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏകദേശം മുപ്പത് ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!