
മലയാള സാഹിത്യം ഇനി രണ്ടുനാള്‍ ‘പ്രവാസി’
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ദ്വിദിന സാഹിത്യോത്സവത്തിന് നാളെ തുടക്കം. ഖിയാഫ് ഡി എല്‍ എഫ് സാഹിത്യ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ സാഹിത്യാധ്യാപകനും ഭാഷാ വിദഗ്ധനുമായ ഡോ. അശോക് ഡിക്രൂസ്, കവിയും വിവര്‍ത്തകനും അധ്യാപകനുമായ കെ ടി സൂപ്പി, മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരിയും മുന്‍ ഖത്തര്‍ പ്രവാസിയുമായ ഷീല ടോമി എന്നിവരും ഫെസ്റ്റില്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.

ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗായക സംഘമായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ ടീമിന്റെ ലൈവ് സംഗീത സായാഹ്നവും അരങ്ങേറും.
വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച് വെള്ളിയാഴ്ച രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. കല, ജീവിതം, സമൂഹം, രചനയുടെ രസതന്ത്രം, എഴുത്തിലെ പുതിയ സങ്കേതങ്ങള്‍/ പരീക്ഷണങ്ങള്‍ എന്നീ ശില്‍പശാലാ സെഷനുകളാണ് വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എഴുത്തുകാരുമായി മുഖാമുഖം, കവിതയുടെ മണ്ണും ആകാശവും, എഴുത്തുകാരന്റെ പണിപ്പുര, പുതിയകാല ഭാഷ- സാഹിത്യം- നവമാധ്യമങ്ങള്‍- സാധ്യതകള്‍ എന്നീ സെഷനുകളും ഉണ്ടായിരിക്ുകം. ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ അവസാനിക്കുന്ന സാഹിത്യ ശില്‍പശാല സെഷനുകള്‍ക്ക് ശേഷമാണ് പൊതുസമ്മേളനവും സമീര്‍ ബിന്‍സി- ഇമാം മജ്ബൂര്‍ സംഘം നയിക്കുന്ന സംഗീത സായാഹ്നവും നടക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖിയാഫ് സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിച്ച് ഗൂഗ്ള്‍ ഫോം വഴി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
തുമാമ അല്‍ സാജ് റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ സി, വൈസ് പ്രസിഡന്റ് അഷറഫ് മടിയാരി, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, ഡി എല്‍ എഫ് ജനറല്‍ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി, ഹുസൈന്‍ കടന്നമണ്ണ, ഷംന ആസ്മി എന്നിവരും എഴുത്തുകാരായ പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ. അശോക് ഡിക്രൂസ്, കെ ടി സൂപ്പി, സമീര്‍ ബിന്‍സി, ഇമാര്‍ മജ്ബൂര്‍ എന്നിവര്‍ പങ്കെടുത്തു.

