

ആലുവ: വാട്ടര്‍ അതോറിറ്റിയെ കുറിച്ച് പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിലവിലുള്ള പൈപ്പ് ലൈനുകള്‍ പൊട്ടുമ്പോള്‍ യഥാസമയത്ത് അതിന്റെ അറ്റകുറ്റപണികള്‍ ചെയ്യുന്നില്ലെന്ന കാര്യം ചര്‍ച്ചയില്‍ പ്രധാനമായി ഉയര്‍ന്നുവന്നു. പലപ്പോഴും ജനങ്ങളും ബന്ധപ്പെട്ട ജനപ്രതിനിധികളും വിളിച്ച് പറഞ്ഞാലും പൈപ്പ് ലീക്ക് മാറ്റുന്നത് രണ്ടും മൂന്നും ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇനി ഇതുപോലെ അലംഭാവം കാണിക്കാതെ സമയബന്ധിതമായി ലീക്കുകള്‍ പരിഹരിച്ച് അതിലൂടെ കുടിവെള്ളം പാഴാക്കാതെയും തടസ്സമില്ലതെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം എത്തിക്കുകയും ചെയ്യണമെന്ന് യോഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.

ആലുവ ടൗണിലെ പഴയ പൈപ്പുലൈനുകള്‍ മാറ്റി പുതിയ പൈപ്പു ലൈനുകള്‍ ഇടുന്നതിന്റെ ഭാഗമായി പൊടി ശല്യവും റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. അതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് പി ഡബ്ല്യു ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് യോഗം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പി ഡബ്ല്യു ഡിയും വാട്ടര്‍ അതോറിറ്റിയും സംയുക്ത പരിശോധന നടത്തി എത്ര ദിവസം കൊണ്ട് ഇതിന് പരിഹാരം കണ്ടെത്താമെന്നുള്ള റിപ്പോര്‍ട്ട് എം എല്‍ എക്ക് നല്‍കണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചൂര്‍ണ്ണിക്കര, കീഴ്മാട്, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളിലെ ആവശ്യമില്ലാത്ത പൊതു ടാപ്പുകള്‍ പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരും സംയുക്ത പരിശോധന നടത്തി മാറ്റുവാന്‍ യോഗത്തില്‍ തീരുമാനമായി
ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്ള അപാകതകള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി. ജല ജീവന്‍ മിഷനില്‍ കൊടുത്ത് കണക്ഷനുകളില്‍ കുടിവെള്ളം എത്താത്തതിലുള്ള പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആലുവ ശിവരാത്രിക്ക് മുന്‍പ് ആലുവ ടൗണിലും ശിവരാത്രിക്ക് ഭക്തജനങ്ങള്‍ വരുന്ന പ്രദേശത്ത് വാട്ടര്‍ അതോറിറ്റി വെള്ളം എത്തിക്കുന്ന സ്ഥലങ്ങളിലും തടസ്സമില്ലാതെ വെള്ളമെത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
വിവിധ പഞ്ചായത്തുകളില്‍ പഴയ പൈപ്പ് ലൈന്‍ മാറ്റുന്നതിനും പുതിയ പദ്ധതികള്‍ വരുന്നതിനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികളുടേയും ഭാഗത്ത് നിന്ന് വരുന്നുണ്ട്. അതിന്റെ എസ്റ്റിമേറ്റുകള്‍ എത്രയും വേഗം എടുക്കാന്‍ യോഗം നിര്‍ദേശിച്ചു. രണ്ടു മാസം കുടുമ്പോള്‍ ഇതുപോലെ ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം കുടി വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് എം എല്‍ എ പറഞ്ഞു. ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരെ അറിയിക്കുന്ന കാര്യങ്ങള്‍ ഇനി വീഴ്ച വരുത്താതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.
ആലുവ മുനിസിപ്പല്‍ ചെയല്‍മാന്‍ എം ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാര്‍ട്ടിന്‍, പി വി കുഞ്ഞ്, രാജി സന്തോഷ്, സെബ മുഹമ്മദാലി, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍, കെ എന്‍ കൃഷ്ണകുമാര്‍, അഭിലാഷ് അശോകന്‍, ഷാജന്‍ എബ്രഹാം, സിന്ധു പാറപ്പുറം, സന്ധ്യ നാരായണപിള്ള, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ് പി എസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ സൗമ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

