
ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി പ്രതിഷേധ സംഗമങ്ങള്‍ നടത്തി. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലുമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശക്തമായ പ്രതിഷേധ സംഗമങ്ങള്‍ നടന്നത്.
കഴിഞ്ഞദിവസം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളിലും കടകള്‍ക്കു മുന്നിലും നിരവധി പേരാണ് ഒരേസമയം കൂടിനില്‍ക്കുന്നത്. ഈ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച അരമണിക്കൂര്‍ നേരം പള്ളിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളിക്കുന്നത് സര്‍ക്കാര്‍ അനുമതിയില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

