

ദോഹ: ഖത്തര്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ് എം എ ബാധിതയായ മല്‍ഖ റൂഹിക്കു മരുന്നെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 1.16 കോടി റിയാല്‍ ധനശേഖരണത്തിന് പിന്തുണ നല്‍കി സംസ്‌കൃതി ഖത്തര്‍. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 125112 റിയാലാണ് സംസ്‌കൃതി ഭാരവാഹികള്‍ ഖത്തര്‍ ചാരിറ്റി അധികൃതര്‍ക്ക് കൈമാറിയത്.

ലുസൈല്‍ ഖത്തര്‍ ചാരിറ്റി ഓഫീസില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, പ്രസിഡന്റ് സാബിത് സഹീര്‍ എന്നിവരില്‍ നിന്ന് ഖത്തര്‍ ചാരിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് വിഭാഗം ഡയരക്ടര്‍ അലി അല്‍ ഗരീബ് ആണ് ചെക്ക് സ്വീകരിച്ചത്. ചടങ്ങില്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി ജലീല്‍ കെ, മുന്‍ പ്രസിഡന്റുമാരായ എ സുനില്‍, അഹമ്മദുകുട്ടി, സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. പ്രതിഭ രതീഷ്, ജിജെഷ്, സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍
കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചില്‍ പതിനൊന്നു യൂണിറ്റുകള്‍ നാനൂറോളം വളന്റിയേര്‍സിന്റെ സഹകരണത്തോടെ 9258 ബിരിയാണി പൊതികള്‍ ആണ് ഖത്തറിലെ വിവിധ പ്രവിശ്യകളിലായി വിതരണം ചെയ്തത്.
കൂടാതെ സംസ്‌കൃതി അംഗത്തിന്റെ പ്രതിദിന സാലറി സംഭാവന ചെയ്യുന്ന സാലറി ചലഞ്ച്, ആര്‍ട്ട് എക്‌സിബിഷനുകള്‍ തുടങ്ങി വിവിധ ചികിത്സാ ധന സമാഹരണ പരിപാടികളിലൂടെ തുക കണ്ടെത്തുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ പത്തു വരെ ഖത്തര്‍ ചാരിറ്റിയുടെ മല്‍ഖ റൂഹി ചികിത്സ നിധിയിലേയ്ക്ക് 139162 ഖത്തര്‍ റിയാലാണ് സംസ്‌കൃതി നല്‍കിയത്.

