
റിയാദ്: 1448 ഹിജ്‌റ വര്‍ഷത്തേക്കുള്ള ഉംറ സീസണ്‍ കലണ്ടര്‍ സൗദി ഹജ്ജ്- ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗദിക്ക് പുറത്തുനിന്ന് എത്തുന്ന തീര്‍ഥാടകരെ ഏകോപിത സേവന സംവിധാനത്തിലൂടെ സ്വീകരിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ കലണ്ടര്‍ പുറത്തിറക്കിയത്.

ഉംറ കമ്പനികള്‍, വിദേശ ഏജന്‍സികള്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്കായി പുതിയ സീസണിലെ വിവിധ നടപടിക്രമങ്ങളും സമയപരിധികളും കലണ്ടറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ക്രമീകരണപ്രകാരം ഉംറ കമ്പനികളും വിദേശ ഏജന്റുമാരും തമ്മിലുള്ള പ്രാഥമിക കരാറുകള്‍ 2026 മാര്‍ച്ച് 4നാണ് ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 30ന് ഉംറ- സിയാറ ഫോറവും പ്രാഥമിക കരാര്‍ ഒപ്പിടലും നടന്നു.
1448 ഹിജ്‌റ സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ് യോഗങ്ങള്‍ മേയ് 5-ന് ചേര്‍ന്നു. തുടര്‍ന്ന് മേയ് 11-ന് വിദേശ ഏജന്റുമാരുടെ യോഗ്യതാ പരിശോധനയും അന്തിമ കരാര്‍ നടപടികളും പൂര്‍ത്തിയാക്കി.
2026 മേയ് 31 (1447 ദുല്‍ഹിജ്ജ 14) മുതല്‍ ഉംറ വിസ അനുവദിക്കാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സേവനദാതാക്കളുമായുള്ള കരാറുകളും ഉംറ പാക്കേജുകളുടെ രൂപകല്‍പനയും ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി പൂര്‍ത്തിയാക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ കലണ്ടര്‍ പ്രകാരം ഉംറ വിസയുള്ള തീര്‍ഥാടകര്‍ക്കു 2026 ജൂണ്‍ 1 മുതല്‍ മക്കയില്‍ പ്രവേശിക്കാനും അനുമതിപത്രങ്ങള്‍ ലഭിക്കാനും സാധിക്കും.
അതേസമയം 2027 മാര്‍ച്ച് 9 ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തിയ്യതിയായും മാര്‍ച്ച് 23 തീര്‍ഥാടകര്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന ദിവസമായും 2027 ഏപ്രില്‍ 7 മടക്കയാത്രയ്ക്കുള്ള അവസാന തിയ്യതിയായും നിശ്ചയിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ സംവിധാനങ്ങളും ഏകോപിത സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കി ഉംറ തീര്‍ഥാടകര്‍ക്കുള്ള സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ കലണ്ടര്‍ തയ്യാറാക്കിയതെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം വ്യക്തമാക്കി.

