

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ നിന്നും മിസ് യൂണിവേഴ്‌സിന് മത്സരാര്‍ഥിയെത്തുന്നു. റൂമി അല്‍ ഖഹ്താനിയെന്ന 27കാരിയാണ് ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയെ റാംപില്‍ പ്രതിനിധീകരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സുള്ള റൂമി അല്‍ഖഹ്താനി ലോകത്തിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളിലൊന്നില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്,’ അവര്‍ അറബിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പ്രഖ്യാപനത്തിന് പിന്നാലെ റൂമി അല്‍ഖഹ്താനി ഫുള്‍ ബ്യൂട്ടി ക്വീന്‍ മോഡില്‍ തന്റെ ഫോട്ടോകള്‍ പങ്കിട്ടു. സ്ട്രാപ്പ്‌ലെസ്, സീക്വിന്‍ഡ് ഗൗണ്‍, ടിയാര, സാഷ് എന്നിവ അണിഞ്ഞുള്ള ചിത്രങ്ങളില്‍ റൂമി സൗദി അറേബ്യയുടെ പതാക ഉയര്‍ത്തിപ്പിടിച്ചിരുന്നു.
റിയാദില്‍ ജനിച്ച അല്‍ഖഹ്താനി നിരവധി ആഗോള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മത്സരത്തില്‍ റൂമി അല്‍ ഖഹ്താനി പങ്കെടുത്തിരുന്നു.

