
റിയാദ്/ ഹൈദരാബാദ്: സൗദി അറേബ്യയിലെ മക്ക-മദീന ഹൈവേയിലുണ്ടായ ബസ് അപകടത്തില്‍ 40-ലധികം ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരേ കുടുംബത്തിലെ 18 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

നസീറുദ്ദീന്‍ (70), ഭാര്യ അഖ്റര്‍ ബീഗം (62), മകന്‍ സലൗദ്ദീന്‍ (42), മക്കള്‍ ആമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ കുട്ടികളേയും മരിച്ചവരില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സൗദി അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം യാത്രക്കാരില്‍ ഭൂരിഭാഗവും ഉറങ്ങിക്കൊണ്ടിരിക്കെയാണ് ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായത്. ബസില്‍ 43 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയായ 24കാരന്‍ മുഹമ്മദ് അബ്ദുല്‍ ഷുഹൈബാണ് ജീവന്‍ തിരികെ കിട്ടിയ ഏക വ്യക്തി. ഡ്രൈവറുടെ സീറ്റിനടുത്തായിരുന്നതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്.
ഹൈദരാബാദില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മരിച്ചവരില്‍ 20-ലധികം സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു.
മദീനയില്‍ നടന്ന അപകടത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ മരണമടഞ്ഞത് അതീവ ദുഃഖകരമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

