

ദോഹ: 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ഖത്തറില്‍ വിദ്യാലയങ്ങള്‍ക്ക് അവധി. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2022- 23 വിദ്യാഭ്യാസ കലണ്ടറിലാണ് അവധി രേഖപ്പെടുത്തിയിരിക്കുന്നത്.

2022 നവംബര്‍ 20ന് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക അവധിക്കാലം ഡിസംബര്‍ 22 വരെ തുടരും. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബ്ര്‍ അല്‍ നുഐമി വാര്‍ഷിക സ്‌കൂള്‍ കലണ്ടറിന്റെ മന്ത്രാലയ തീരുമാനങ്ങള്‍ അറിയിച്ചു.

2022 നവംബര്‍ 21നാണ് അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍ ലോകകപ്പ് ആരംഭിക്കുക. ഫൈനല്‍ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഫൈനല്‍ മത്സരത്തിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് സ്‌കൂളുകള്‍ തുറക്കുക. 2022 ഡിസംബര്‍ 25ന് സ്‌കൂളുകളിലെ രണ്ടാം സെമസ്റ്റര്‍ ആരംഭിക്കും. സ്‌കൂള്‍ അവധി ലോകകപ്പ് മത്സരത്തിനിടയില്‍ റോഡിലെ തിരക്കൊഴിവാക്കാന്‍ സഹായിക്കും.

