

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ സി സി) പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രസിഡന്റ് എ പി മണികണ്ഠന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐ സി സി പരിഗണിക്കേണ്ട പ്രധാന മേഖലകള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ച.

വരും ദിവസങ്ങളില്‍ ഐ സി സി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളേയും പരിപാടികളേയും കുറിച്ച് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് വിശദീകരിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ എ പി മണികണ്ഠനെയും സംഘത്തേയും അഭിനന്ദിച്ചു. സാംസ്‌കാരികവും സാമൂഹികവുമായ നിരവധി സംരംഭങ്ങളിലൂടെ എട്ടുലക്ഷം ഇന്ത്യന്‍ പ്രവാസികളെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സ് 2023’ സംബന്ധിച്ച പ്രവര്‍ത്തനങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചു. സമിതിയിലെ ഓരോ അംഗവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സാമൂഹിക അംബാസഡര്‍മാരാണെന്നും 50 വര്‍ഷത്തെ ശക്തമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമൂഹിക പാലമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.
ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ കോര്‍ഡിനേറ്റിംഗ് ഓഫീസറും ഫസ്റ്റ് സെക്രട്ടറിയുമായ എസ് സേവ്യര്‍ ധനരാജ്, സതീഷ് ജി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള ഐ സി സിയുടെ ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.

