
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ വസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തില്‍.
1992ല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ)യുടെ മുംബൈ ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച അനില്‍ 1997ല്‍ ദ ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കവടിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: എസ് എസ് സിന്ദു (അധ്യാപിക, കോട്ടണ്‍ഹില്‍ സ്‌കൂള്‍). മകന്‍: എസ് എ നാരായണ്‍ (റിലയന്‍സ് പെട്രോളിയം, ഗുജറാത്ത്).
ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, കെ രാജന്‍, സ്പീക്കര്‍ എം ബി രാജേഷ് തുടങ്ങിയവര്‍ അനുശോചിച്ചു.

