അരക്ഷിതത്വ ബോധമാണ് ‘പുതിയ ഇന്ത്യ’യുടെ മുഖമുദ്ര: വി ഡി സതീശന്‍

Web Desk
2 Min Read

കൊച്ചി: അരക്ഷിതത്വ ബോധമാണ് പുതിയ ഇന്ത്യയുടെ മുഖമുദ്രയെന്നും രാജ്യത്തിന്റെ മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യാതെ വൈകാരിക വിഷയങ്ങള്‍ മാത്രം ബോധപൂര്‍വം ചര്‍ച്ച ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രറ്റേര്‍ണിറ്റിയുടെ (എഫ് എഫ് എഫ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘പുതിയ ഇന്ത്യ’യില്‍ ഗാന്ധിജിയുടെ പ്രസക്തി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ മനസ്സില്‍ ഭീതി വിതയ്ക്കുകയാണ് ഭരണകൂടം. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും സാമ്പത്തിക മേഖലയിലെ തിരിച്ചടികളുമൊന്നും ചര്‍ച്ച ചെയ്യപ്പടുന്നില്ല. ഈ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരുക്കുന്നതിന് വൈകാരിക വിഷയങ്ങള്‍ ബോധപൂര്‍വം കുത്തിപ്പൊക്കുകയാണ്. ഹിറ്റ്ലറുടെ രീതിയാണിത്. ഭരണകൂടത്തോടുള്ള എതിര്‍പ്പും വെറുപ്പും ഇല്ലാതാക്കാന്‍ പൊതുശത്രുവിനെ സൃഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്ത് പിടിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പ്രസക്തി. ഗാന്ധിജിയെയും നെഹ്‌റുവിനെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച അംബേദ്കറെ നിയമമ മന്ത്രിയും ഭരണഘടന രൂപകല്‍പന കമ്മിറ്റിയുടെ അധ്യക്ഷനാക്കുകയും ചെയ്ത മാതൃക നമുക്ക് മുന്നിലുണ്ട്. ഇന്നാണെങ്കില്‍ അംബേദ്ക്കറുടെ വീട്ടില്‍ ഇ ഡി കയറുമായിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ്. ഗീബല്‍സുമാര്‍ പുതിയ പി ആര്‍ തന്ത്രങ്ങളുമായി വരുന്ന കാലഘട്ടമാണ്. ഇന്ന് രാജ്യം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളില്‍ ഗാന്ധിജി തന്നെയാണ് നമ്മുടെ ആത്മവിശ്വാസം.

- Advertisement -
Ad image

ഗാന്ധിജി നമുക്ക് നല്‍കാമെന്ന് പറഞ്ഞ രാമരാജ്യത്തിനായല്ല ഇന്നത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഇരുകയ്യും നീട്ടി എല്ലാവരെയും സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. മനസില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാന്‍ ഒരു ഭരണാധികാരിയും ഇന്നുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. രാജ്യത്തിന്റെ ചരിത്രം പോലും മാറ്റിയെഴുതുകയാണ്. ഗാന്ധിജിയുടെ പേരില്‍ ലോകത്ത് അറിയപ്പെടുന്ന ഒരു രാജ്യത്ത് ഗാന്ധിജിയെ അപ്രസക്തനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ മോഡറേറ്ററായിരുന്നു. ഡോ. എന്‍ സി ദിലീപ്കുമാര്‍, ടി പി മുഹമ്മദ് ഷമീം, സി എച്ച് അബ്ദുല്‍ റഹിം എന്നിവര്‍ സംസാരിച്ചു. എഫ് എഫ് എഫ് വൈസ് ചെയര്‍മാന്‍ കബീര്‍ ഹുസൈന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി എ എം അഷ്റഫ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!