

ദോഹ: പുതിയ ഒളിമ്പിക് ടേമിലേക്കുള്ള (2024- 2028) ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) പ്രസിഡന്റായി ശൈഖ് ജൊവാന് ബിന്‍ ഹമദ് അല്‍ താനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ശൈഖ് ജൊവാന്റെ അധ്യക്ഷതയില്‍ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ദോഹയില്‍ നടന്ന 38-ാമത് ക്യു ഒ സി ജനറല്‍ അസംബ്ലിയിലാണ് പ്രഖ്യാപനം. ക്യു ഒ സി ബോര്‍ഡ് അംഗങ്ങളും ഖത്തറിലെ ദേശീയ കായിക ഫെഡറേഷനുകളുടെയും കമ്മിറ്റികളുടെയും പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ ക്യു ഒ സിയുടെ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് ബിന്‍ യൂസഫ് അല്‍ മനയെയും രണ്ടാം വൈസ് പ്രസിഡന്റായി ഡോ. താനി ബിന്‍ അബ്ദുല്റഹ്മാന് അല്‍ കുവാരിയെയും സെക്രട്ടറി ജനറലായി ജാസിം ബിന്‍ റാഷിദ് അല്‍ ബുനൈനെയും തെരഞ്ഞെടുത്തു.
പാരീസ് 2024 സമ്മര്‍ ഒളിമ്പിക്സില്‍ മുതാസ് ബര്‍ഷിമിന്റെ വെങ്കല മെഡലും 2023 എ എഫ് സി ഏഷ്യന്‍ കപ്പും 21-ാമത് ഏഷ്യന്‍ പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പും നേടിയതും പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പില്‍ തങ്ങളുടെ ശ്രമങ്ങള്‍ നിലനിര്‍ത്താന്‍ എല്ലാ ഫെഡറേഷനുകളേയും ശൈഖ് ജൊവാന് പ്രോത്സാഹിപ്പിച്ചു.
2023- 2024 കായിക സീസണിലെ ക്യു ഒ സിയുടെ നേട്ടങ്ങള്‍ അവലോകനം ചെയ്തു.
2025-ലെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, 2026-ലെ നാലാമത് ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ (ജിസിസി) ഗെയിംസ്, 2027-ലെ ഫിബ ബാസ്ക്കറ്റ്ബോള്‍ ലോകകപ്പ് എന്നിവയുള്‍പ്പെടെ ഖത്തറില്‍ നടക്കാനിരിക്കുന്ന പ്രധാന പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.
അടുത്ത വര്‍ഷം ചൈനയിലെ ഹാര്‍ബിനില്‍ നടക്കുന്ന ഒമ്പതാമത് ഏഷ്യന്‍ വിന്റര്‍ ഗെയിംസ് (ഫെബ്രുവരി 2025), ഇറാഖിലെ ബാഗ്ദാദിലെ വെസ്റ്റ് ഏഷ്യന്‍ യൂത്ത് ഗെയിംസ് (ഏപ്രില്‍ 2025), ഒമാനിലെ ജി സി സി ബീച്ച് ഗെയിംസ് (ഏപ്രില്‍ 2025), ബഹ്റൈനിലെ ഏഷ്യന്‍ യൂത്ത് ഗെയിംസും (സെപ്റ്റംബര്‍ 2025) ആറാമത് സൗദി അറേബ്യയിലെ റിയാദില്‍ ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് (നവംബര്‍ 2025)
എന്നിവയുള്‍പ്പെടെ അടുത്ത വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന നിരവധി മള്‍ട്ടി-സ്പോര്‍ട്സ് ഇവന്റുകളും അസംബ്ലി ഹൈലൈറ്റ് ചെയ്തു. 2030ല്‍ ദോഹയില്‍ നടക്കാനിരിക്കുന്ന 21-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ടും 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ക്യു ഒ സിയുടെ ബജറ്റും യോഗം അവലോകനം ചെയ്തു.

