കണക്കന്‍ കടവ് റെഗുലേറ്ററി ബ്രിഡ്ജിലെ ഷട്ടറുകള്‍ ഉപയോഗ യോഗ്യമാക്കണം: ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: കണക്കന്‍ കടവ് റെഗുലേറ്ററി ബ്രിഡ്ജിലെ ഷട്ടറുകള്‍ എത്രയും വേഗം ഉപയോഗ സജ്ജമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു.

city exchange

എറണാകുളം ജില്ലയിലെ കണക്കന്‍ കടവ് റെഗുലേറ്ററി ബ്രിഡ്ജിലെ ഷട്ടറുകള്‍, കാലപ്പഴക്കം മൂലം പ്രവര്‍ത്തന യോഗ്യമല്ലാതായിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കാലവര്‍ഷം ശക്തി പ്രാപിക്കുകയും പെരിങ്ങല്‍കുത്ത് ഡാം ഉള്‍പ്പെടെ തുറക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ചാലക്കുടി പുഴയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന് പുഴയുടെ ഇരു കരകളിലുമുള്ള പഞ്ചായത്തുകളില്‍ വസിക്കുന്ന ആളുകള്‍ക്ക് കനത്ത ദുരിതം നേരിടേണ്ടി വരും. 2018ലെ പ്രളയത്തിന്റെ കെടുതികള്‍ വിട്ടുമാറാത്ത ജനവിഭാഗങ്ങളാണ് വീണ്ടും ദുരിത മുഖത്ത് നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം പെയ്ത മഴയില്‍ വെള്ളം ഒഴുകി പോകുന്നതിന് തടസം നേരിട്ടതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചത് ചാലക്കുടി പുഴയുടെ തീരവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

കൃഷി സംരക്ഷണത്തിനു വേണ്ടി, ഉപ്പുവെള്ളം കയറാതിരിക്കാന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച പ്രസ്തുത റെഗുലേറ്റര്‍ ബ്രിഡ്ജ്, എത്രയും വേഗം ഉപയോഗ സജ്ജമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു

റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ ചാലക്കുടി പാര്‍ലിമെന്റ് മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളെ വെള്ളപൊക്കം രൂക്ഷമായി ബാധിക്കും എന്ന ഗൗരവമായ വസ്തുത കണക്കിലെടുത്ത്, റഗുലേറ്റര്‍ ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാക്കി കടലിലേക്ക് നീരൊഴുക്ക് സുഗമമാക്കാനുള്ള അടിയന്തിര നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!