

തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. സംഗീത പാരമ്പര്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്ന് തലശ്ശേരിയിലെ വിവാഹ സദസ്സുകളിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തനായ പീര്‍ മുഹമ്മദ് ഈണമിട്ട നിരവധി കല്ല്യാണപ്പാട്ടുകള്‍ അന്നും ഇന്നും സൂപ്പര്‍ ഹിറ്റുകളാണ്.

1945 ജനുവരി എട്ടിനായിരുന്നു ജനനം. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം സുറണ്ടൈ ഗ്രാമത്തില്‍ തലശ്ശേരിക്കാരന്‍ അസീസ് അഹമ്മദിന്റേയും തെങ്കാശി സ്വദേശി ബല്‍ക്കീസിന്റേയും മകനായാണ് പീര്‍ മുഹമ്മദിന്റെ ജനനം. തമിഴ്‌നാട്ടിലെ പ്രസിദ്ധനായ പീര്‍ മുഹമ്മദിന്റെ പേരാണ് അദ്ദേഹത്തിനും ലഭിച്ചിരിക്കുന്നത്. നാലാം വയസ്സില്‍ തലശ്ശേരിയിലെത്തിയ അദ്ദേഹം പിന്നീട് അവിടെ തുടരുകയായിരുന്നു.
നഗരമധ്യത്തിലെ തായത്തങ്ങാടി തഅ്‌ലീമുല്‍ അവാം മദ്‌റസ യു പി സ്‌കൂള്‍, സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലും പഠനം.

വയലാര്‍ രാമവര്‍മയുടെ കവിതകളില്‍ ആകൃഷ്ടനായ പീര്‍ മുഹമ്മദ് നാലാം ക്ലാസില്‍ കവിത ചൊല്ലിയാണ് സംഗീതരംഗത്തേക്ക് കാലെടുത്തു വെച്ചത്. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയായിരുന്നു.
കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരിവരിവരിയായി കാരക്ക മരങ്ങള്‍ നിരനിരനിരയായി, പൂക്കള്‍ വിരിഞ്ഞു നിന്നു പുഷ്പവാടി പുഞ്ചിരിച്ചു, ആരംഭശരി നിന്റെ മനസ്സാകും, അധരത്തില്‍ പുഞ്ചിരി വിരിയുമ്പോളവള്‍, അനര്‍ഘ മുത്തുമാല എടുത്തുകെട്ടി, അഴകേറുന്നോളേ വാ, ചാഞ്ചക്കം ചായുന്ന കണ്ണില്‍, ഹുസ്‌നുല്‍ ജമാലേ, കരിമീന്‍ മിഴി പിടപ്പിച്ച, മാണിക്യക്കല്ലിന്‍, മാദകമണമേറും, മഹിയില്‍ മഹാ, മലര്‍കൊടിയേ, മഴവില്‍ വിരിഞ്ഞല്ലോ മൈലാഞ്ചി കവിളത്ത്, മുത്തേ സത്തേ, മുത്തുവൈരക്കല്ല്, നിളാനദി പുളഞ്ഞോടി, നിസ്‌ക്കാരപ്പായ, ഒയ്യെനിക്കുണ്ടു, പടവാളേ മിഴി, പേരയ്ക്കാത്തോട്ടത്തില്‍, തളിര്‍മുല്ല വിതാനിച്ച, വെള്ളിയരഞ്ഞാണിട്ടു തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്.
സംഗീത സംവിധായകന്‍ എ ടി ഉമ്മര്‍, കവി പി ടി അബ്ദുറഹ്മാന്‍ എന്നിവരോടുള്ള ബന്ധമാണ് പീര്‍ മുഹമ്മദിന്റെ സംഗീതത്തിന്റെ വഴികളില്‍ ഉയരങ്ങളിലെത്തിച്ചത്. പി ടി അബ്ദുറഹ്മാന്റെ നാലായിരത്തോളം ഗാനങ്ങള്‍ക്കാണ് അദ്ദേഹം ശബ്ദം നല്കിയത്.
അന്യരുടെ ഭൂമി എന്ന സിനിമയില്‍ എ ടി ഉമ്മറിന്റെ സംഗീതത്തിലും തേന്‍തുള്ളിയില്‍ കെ രാഘവന്‍ മാസ്റ്ററുടെ സംഗീതത്തിലും പീര്‍ ഓരോ ഗാനങ്ങള്‍ ആലപിച്ചു.
ഭാര്യ: രഹന. മക്കള്‍: സമീര്‍, നിസാം, ഷെറിന്‍, സാറ.

