
കോഴിക്കോട്: അലീഗര്‍ പ്രസ്ഥാനത്തിന്റെ ശില്പിയും അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഇന്ത്യ കണ്ട അതുല്യ പ്രതിഭയായിരുന്നുവെന്ന് ഡല്‍ഹിയിലെ ഹ്യുമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (എച്ച് ആര്‍ ഡി എഫ്) ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
സര്‍ സയ്യിദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സര്‍സയ്യിദ് ദിനാഘോഷ പരിപാടിയില്‍ സര്‍സയ്യിദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.

രണ്ട് നൂറ്റാണ്ട് മുമ്പ് ജനിച്ച സര്‍ സയ്യിദ് അഹ്മദ് ഖാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി സയിന്റിഫിക് സൊസൈറ്റിയും അലിഗര്‍ മൂവ്‌മെന്റും സ്ഥാപിച്ചുവെന്നത് അത്ഭുതകരമായ കാര്യമാണ്. പിന്നീട് മുഹമ്മദന്‍സ് ആംഗ്ലോ സ്‌കൂള്‍ സ്ഥാപിച്ച് വിദ്യാവിഹീനരായിരുന്ന മുസ്ലിംകളിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി. ആ സ്‌കൂളാണ് പിന്നീട് യൂണിവേഴ്‌സിറ്റിയായിത്തീര്‍ന്നത്.

ഒരു കാലത്ത് കേരളമുള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് വേണ്ടി പോയിരുന്നത് അലിഗറിലേക്കായിരുന്നെന്നതെന്ന് അലിഗറിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എന്നാല്‍, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനലക്ഷങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ പ്രകാശമെത്തിച്ച ആ മഹാ മനീഷിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സാംസ്‌കാരിക പ്രവര്‍ത്തകരും വാര്‍ത്താ മാധ്യമങ്ങളും ഓര്‍ക്കാതെ പോവുന്നത് വേദനാ ജനകമാണെന്നും മടവൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ സര്‍ സയ്യിദ് പുരസ്‌കാരം പ്രമുഖ പ്രവാസി സാഹിത്യകാരനും സാമൂഹൃ പ്രവര്‍ത്തകനുമായ ഉസ്മാന്‍ ഒഞ്ചിയത്തിന് ഡോ. അബ്ദുസ്സമദ് സമദാനി എം പി സമര്‍പ്പിച്ചു. ഇഖ്‌റാ (വായിക്കൂ) എന്ന പ്രഥമ ഖുര്‍ആന്‍ വചനത്തിന്റെ ആഹ്വാനമാണ് സര്‍ സയ്യിദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായതെന്നും ആ വിശുദ്ധ വചനം അലിഗര്‍ യൂണിവേഴ്‌സിറ്റിയുടെ ലോഗോവില്‍ ഉള്‍പ്പെടുത്തിയത് വിജ്ഞാന രംഗത്ത് മനുഷ്യര്‍ ഉയര്‍ന്ന് വരാനുള്ള ആഹ്വാനമെന്ന നിലക്കാണെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ സയ്യിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഹാഷിം ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഡോ. കുഞ്ഞാലി സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍, വി പി സദാനന്ദന്‍, കെ പി ജമ്പിച്ചി മമ്മു ഹാജി, സി പി അലി, ആറ്റക്കോയ പള്ളിക്കണ്ടി, കെ പി ഇബ്‌റാഹിം ഒഞ്ചിയം, പി ടി നിസാര്‍, റഷീദ് പി സി പാലം എന്നിവര്‍ സംസാരിച്ചു.

