
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ജന്തര്‍ മന്തറില്‍ തുടരുന്ന സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുംവരെ അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധം തുടരുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ദിപ്കെയുടെ പ്രതികരണം. 26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ചതില്‍ ആശ്വാസമുണ്ടെന്നും രാജ്യത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാന്‍ വാങ്ചുക് നടത്തിയ ത്യാഗം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രാജ്യത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയതിന് നന്ദി. നിങ്ങളുടെ ജീവിതം ഈ രാജ്യത്തിന് അതീവ വിലപ്പെട്ടതാണ്-‘ ദിപ്കെ കുറിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളും കൂടുതല്‍ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതല്‍ സി ജെ പി ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന ആവശ്യവും സംഘടന ഉയര്‍ത്തുന്നുണ്ട്.
26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്.

