
ദോഹ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സമഗ്രമായ വിലയിരുത്തലുകളും വിവിധ ഘടകങ്ങളുടെയും യുക്തിസഹമായ പരിഗണനകളും ഉള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് ശ്രീജിത്ത് എസ് നായര്‍ അഭിപ്രായപ്പെട്ടു. ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിലെ 140 സീറ്റുകളില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്നത്. ഓരോ മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിക്കുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരേസമയം അവസരം നല്‍കുക ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രായോഗികമല്ലെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടുതന്നെ എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അധ്വാനഫലമായി സമ്പാദിച്ച ചെറിയ വരുമാനവും പാര്‍ട്ടിക്കായി വിനിയോഗിക്കുന്ന പതിനായിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരുടെ സമര്‍പ്പണവും ത്യാഗവുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യഥാര്‍ഥ ശക്തി. കോണ്‍ഗ്രസ് എന്ന ആശയം ഹൃദയത്തില്‍ നിറച്ച് നിര്‍ത്തുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസവും സ്‌നേഹവുമാണ് പാര്‍ട്ടിയുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളോടുള്ള ഉത്തരവാദിത്വം മുന്‍നിര്‍ത്തി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതുപക്ഷ ദുര്‍ഭരണത്തെ മാറ്റിനിര്‍ത്താനുള്ള ജനങ്ങളുടെ ആഗ്രഹം ശക്തമായി ഉയര്‍ന്നുവരുന്നുണ്ടെന്നും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള വികസനോന്മുഖമായ ഭരണമാണ് സംസ്ഥാനത്തിന് ആവശ്യമായതെന്ന തിരിച്ചറിവ് സമൂഹത്തില്‍ വ്യാപകമായി പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനവും ജനങ്ങളുടെ നന്മയും വീണ്ടെടുക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി 100ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പാര്‍ട്ടി നേതൃത്വം പ്രകടിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയിലെ വിലയിരുത്തലുകളില്‍ നേതൃത്വത്തിന്റെ കണക്കുകള്‍ കൃത്യമായിരുന്നുവെന്നും അതുകൊണ്ടുതന്നെ പ്രവാസികളായ തങ്ങളും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന നിലവിലെ സംഘര്‍ഷാവസ്ഥകള്‍ ഉടന്‍ ശമിക്കുമെന്ന പ്രത്യാശയും വിദേശത്ത് കഴിയുന്ന പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളിലെ പോലെ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

