ഖത്തറിലെ സമുദ്ര ആവാസ വ്യവസ്ഥയും പവിഴപ്പുറ്റുകളും ആരോഗ്യകരമെന്ന് പഠനം

Web Desk
1 Min Read

ദോഹ: ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും ആരോഗ്യകരമാണെന്നും ഇത് സമുദ്രത്തെ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ അന്തരീക്ഷമാക്കി മാറ്റുമെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സര്‍വേ. മറൈന്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ സഹകരണത്തോടെ വന്യജീവി വികസന വകുപ്പിലെ ശാസ്ത്രസംഘമാണ് പഠനം നടത്തിയത്.

city exchange

സമുദ്ര ആവാസ വ്യവസ്ഥകളുടെയും അവയുടെ ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണത്തിന് സംഭാവന നല്‍കുന്ന പ്രാദേശിക സമുദ്ര വ്യവസ്ഥയുടെ അവസ്ഥ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനുമാണ് പഠനം ലക്ഷ്യമിടുന്നത്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കിട്ട വീഡിയോയില്‍ പവിഴപ്പുറ്റുകളും മത്സ്യങ്ങളും മറ്റ് സമുദ്രജീവികളും ഉള്ള ശുദ്ധവും ആരോഗ്യകരവുമായ സമുദ്ര ആവാസവ്യവസ്ഥയാണ് കാണിക്കുന്നത്.

ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ആവാസ വ്യവസ്ഥയായ പവിഴപ്പുറ്റുകളുടെ സാന്നിധ്യം വളരെ പ്രധാനമാണ്. കാരണം അവ പല സമുദ്രജീവികള്‍ക്കും അഭയവും സങ്കേതം നല്‍കുന്നുണ്ട്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ പവിഴപ്പുറ്റുകളില്‍ ഏറ്റവും സമ്പന്നമായ ജി സി സി രാജ്യങ്ങളിലൊന്നായി കണക്കാക്കുന്നു.

അടുത്തിടെ നടത്തിയ ഒരു പരിശോധനാ കാമ്പെയ്നില്‍ പരിസ്ഥിതി നിയമത്തിലെ ചില വ്യവസ്ഥകള്‍ ലംഘിച്ച് പവിഴപ്പുറ്റുകളില്‍ മത്സ്യബന്ധന വല എറിഞ്ഞതിന് രണ്ട് ബോട്ടുകള്‍ മന്ത്രാലയം പിടിച്ചെടുത്തിരുന്നു.

- Advertisement -
Ad image

പല മത്സ്യങ്ങളുടെയും ജലജീവികളുടെയും പ്രധാന ആവാസ കേന്ദ്രമാണ് പവിഴപ്പുറ്റുകള്‍. കേടുപാടുകള്‍ സംഭവിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്താല്‍ ആ ജീവികളുടെ ജീവിതത്തെ ബാധിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യും.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി നിരവധി പരിപാടികളും പദ്ധതികളും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. 21 ഇനം സമുദ്രജീവികള്‍ രേഖപ്പെടുത്തിയ തീരപ്രദേശങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയാണ് അതില്‍ ഏറ്റവും പ്രധാനം.

2002 മുതല്‍ ഖത്തറിലെ കടല്‍ത്തീരങ്ങളില്‍ കടലാമകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി മന്ത്രാലയം നടത്തിവരുന്നു. ഖത്തര്‍ തീരത്തെ കണ്ടല്‍ മരങ്ങളെക്കുറിച്ചും മന്ത്രാലയം പഠനം നടത്തി.

Share This Article
Leave a Comment
error: Content is protected !!