

ദോഹ: കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ രക്തസാക്ഷികളേയും പരിക്കേറ്റവരേയും സൃഷ്ടിച്ച് ഗാസ മുനമ്പില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം ആരംഭിച്ചതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള സമാധാനത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ഇച്ഛാശക്തിയോടുള്ള വ്യക്തമായ വെല്ലുവിളിയാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് ഖത്തര്‍ വ്യക്തമാക്കി.

അധിനിവേശത്തിന്റെ തീവ്രമായ നയങ്ങള്‍ ആത്യന്തികമായി മേഖലയെ സംഘര്‍ഷഭരിതമാക്കാനും സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നതിനും കാരണമാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ കരാറിന്റെ ഘട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സംഭാഷണം പുന:രാരംഭിക്കേണ്ടതിന്റെ ആവശ്യകത ഖത്തര്‍ ഊന്നിപ്പറയുകയും ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ചര്‍ച്ചകള്‍ നയിക്കുമെന്നും പറഞ്ഞു.
ഗാസയിലെ വിനാശകരമായ മാനുഷിക സാഹചര്യങ്ങള്‍ മനുഷ്യചരിത്രത്തിലെ അഭൂതപൂര്‍വമായ തലത്തിലെത്തിയിട്ടുണ്ടെന്നും ഫലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര നടപടി ആവശ്യമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ നീതിയുടെയും നിയമാനുസൃത അവകാശങ്ങളുടെയും കാര്യത്തില്‍ ഖത്തറിന്റെ അചഞ്ചലമായ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് ഉറപ്പിച്ചു.

