

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. ആലുവ പ്രിന്‍സിപ്പല്‍ എസ് ഐ ആര്‍ വിനോദ്, ഗ്രേഡ് എസ് ഐ രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡി വൈ എസ് പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി ഐ ജി ആവശ്യപ്പെട്ടു.
റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രാവാദ ബന്ധം രേഖപ്പെടുത്തുകയും രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പരാതിയിലാണ് ഇരുവരേയും ഡി ഐ ജി സസ്പെന്റ് ചെയ്തത്.
അല്‍ അമീന്‍ അഷ്റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുണ്ടായത്.
നേരത്തെ ഇക്കാര്യത്തില്‍ കേരളാ പൊലീസിന് മുന്നറിയിപ്പുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.
മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസുകാരോട് വേണ്ടയെന്നും ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍ എസ് എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല, നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

