അഫ്ഗാനിലെ അതിര്‍ത്തി നഗരം പിടിച്ചടക്കി താലിബാന്‍

Web Desk
1 Min Read
People standing on a vehicle hold Taliban flags as people gather near the Friendship Gate crossing point in the Pakistan-Afghanistan border town of Chaman, Pakistan July 14, 2021. Picture taken July 14, 2021. REUTERS/Abdul Khaliq Achakzai NO RESALES. NO ARCHIVE. REFILE – CORRECTING INFORMATION

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഇറാന്‍, പാകിസ്താന്‍ അതിര്‍ത്തിയായ നിംറുസ് പ്രവിശ്യയുടെ ആസ്ഥാനം സരഞ്ജ് നഗരം താലിബാന്‍ പിടിച്ചടക്കി. യു എസ്- നാറ്റോ സേനയുടെ പിന്മാറ്റം ആരംഭിച്ചതിന് ശേഷം അഫ്ഗാന്‍ സര്‍ക്കാറില്‍ നിന്ന് താലിബാന്‍ പിടിച്ചടക്കുന്ന ആദ്യ പ്രവിശ്യാ ആസ്ഥാനമാണ് സരഞ്ജ്.
നിംറൂസ് തെക്കന്‍ പ്രവിശ്യയുടെ ആസ്ഥാനമായ സരഞ്ജ് വെള്ളിയാഴ്ച താലിബാന്‍ കീഴടക്കിയ വിവരം അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. സരഞ്ജിലെ വിമാനത്താവളത്തിന്റേയും പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായി അല്‍ജസീറ ഡിപ്ലോമാറ്റിക്ക് എഡിറ്റര്‍ ജെയിംസ് ബെയ്‌സ് അറിയിച്ചു.
യു എസും നാറ്റോ രാജ്യങ്ങളും പണം നല്കി അഫ്ഗാന്‍ സേനയ്ക്ക് ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് സാരഞ്ജിലെ തെരുവുകളില്‍ പട്രോളിംഗ് നടത്താന്‍ താലിബാന്‍ ഉപയോഗപ്പെടുത്തുന്നത്.
2020 ഫെബ്രുവരിയില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ യു എസും താലിബാനും തമ്മിലുണ്ടാക്കിയ കരാറിന് ശേഷം താലിബാന്‍ കൈപ്പിടിയിലൊതുക്കുന്ന ആദ്യ പ്രവിശ്യാ ആസ്ഥാനമാണ് സരഞ്ജ്. ഇതിനുമുമ്പ് 2016ല്‍ കുണ്ഡൂസാണ് അവര്‍ അവസാനമായി പിടിച്ചെടുത്തത്.
സര്‍ക്കാര്‍ സേനയെ ശക്തിപ്പെടുത്താത്തതാണ് താലിബാന് സരഞ്ജ് പിടിച്ചെടുക്കാന്‍ കാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സരഞ്ജ് പിടിച്ചടക്കിയത് താലിബാന്‍ ആഘോഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സരഞ്ജിന്റെ പതനം മറ്റ് പ്രവിശ്യകളിലുള്ള താലിബാന്‍ സേനയ്ക്ക് മനോവീര്യം വര്‍ധിപ്പിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സരഞ്ജിലെ ജയിലില്‍ നിന്നും തടവുകാരെ വിട്ടയച്ചതായും പ്രവിശ്യാ രഹസ്യാന്വേഷണ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും താലിബാന്‍ വക്താവ് ഖാരി യൂസഫ് അഹമ്മദി മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അവകാശപ്പെട്ടു. ഇത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും സന്ദേശത്തോടൊപ്പമുണ്ട്.
നഗരം താലിബാന്‍ പിടിച്ചടക്കിയതോടെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ഇറാനിലേക്ക് പലായനം ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സ്വകാര്യ വാര്‍ത്താ പ്രക്ഷേപകരായ ടോലോ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ അതിര്‍ത്തിയില്‍ ഇറാനിയന്‍ പൊലീസ് തടയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനു നേരെ വ്യോമാക്രമണം തുടര്‍ന്നാല്‍ മുതിര്‍ന്ന ഭരണാധികാരികളെ ലക്ഷ്യമിടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ മാധ്യമ, വിവര കേന്ദ്രത്തിന്റെ തലവന്‍ ദാവ ഖാന്‍ മേനപ്പാലിനെ താലിബാന്‍ ആക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!