
ദോഹ: വടകരയിലെ ഗവണ്‍മെന്റ് കോളേജ് മടപ്പള്ളിയില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാഖ് നാളെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. അല്‍ വക്രയിലെ ഡി പി എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് റീകണക്ട് എന്ന പേരില്‍ നടക്കുന്ന ലോഞ്ചിംഗ് പരിപാടി.

ഖത്തറിലെ മലയാളികളായ പ്രവാസി സമൂഹത്തില്‍ ഗണ്യമായ പ്രാതിനിധ്യമുള്ള വടകരയില്‍ നിന്നും ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ദോഹയില്‍ ഉണ്ട്. അവരെയെല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്താനാണ് ഈയൊരു കൂട്ടായ്മ രൂപപ്പെട്ടത്. മടപ്പള്ളി കോളജില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ വ്യാപാര- വ്യവസായ- വിദ്യാഭ്യാസ- ആതുര സേവന- സിനിമാ മേഖലകളിലെ നിറസാനിധ്യം ഡോ. ഗോകുലം ഗോപാലനെ ലോഞ്ചിംഗ് വേദിയില്‍ ആദരിക്കും.

മടപ്പള്ളി കോളജില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നാല് പേരെ പരിപാടിയില്‍ ആദരിക്കും. മടപ്പള്ളിയുമായി ബന്ധപ്പെട്ട രചനകളുമായി പ്രഗത്ഭരായ നിരവധി എഴുത്തുകാരുടെ സൃഷ്ടികളുമായി സോവനീറും ലോഞ്ചിംഗ് വേദിയില്‍ പുറത്തിറക്കും.
തുടര്‍ന്ന് നാട്ടില്‍ നിന്നെത്തിയ മികച്ച ഏതാനും ഗായകരുടെയും സംഗീതകാരന്മാരുടെയും പ്രകടനം അരങ്ങേറും. പിന്നണി ഗായകരായ വിജേഷ് ഗോപാല്‍, ചിത്ര അരുണ്‍, വിഷ്ണു വര്‍ദ്ധന്‍, കൃതിക എന്നിവര്‍ക്കൊപ്പം മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി ഫാരിഷ ഹുസൈന്‍, ഹാസ്യപ്രധാന പ്രകടനവുമായി മടപ്പള്ളി കോളേജ് അലുംനി കൂടിയായ സുധന്‍ കൈവേലി എന്നിവര്‍ വേദിയെ സംഗീത സാന്ദ്രമാക്കും.
തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുല്‍റഹ്മാന്‍ അല്‍ ഫഖ്‌റു ആണ് മുഖ്യാതിഥി. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഗോകുലം ഗോപാലനൊപ്പം സംഘാടകസമിതി ചെയര്‍മാന്‍ ആഷിഖ് അഹ്മദ്, ജനറല്‍ കണ്‍വീനര്‍ ശ്രീനാഥ് പറമ്പത്ത്, ജിമാഖ് പ്രസിഡണ്ട് ഫൈസല്‍ കേളോത്ത്, ജനറല്‍ സെക്രട്ടറി ബിജു സി കെ, ട്രഷറര്‍ നൗഷാദ്, കോണ്‍കോര്‍ഡ് സാരഥി ജുബീഷ്, റിഹാബ് മീഡിയ സി ഇ ഒ ഷാഫി പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

