രാജ്യം വിട്ട അഫ്ഗാനികളെല്ലാം തിരികെ വരുന്നത് സ്വാഗതം ചെയ്യുന്നെന്ന് താലിബാന്‍ നേതാവ്

Web Desk
2 Min Read

കാബൂള്‍: മുന്‍ പ്രസിഡന്റ് അഷറഫ് ഗനി ഉള്‍പ്പെടെ രാജ്യം വിട്ട എല്ലാ ആളുകള്‍ക്കും സുരക്ഷയെ കുറിച്ചുള്ള ഉറപ്പ് നല്കുമെന്നും അഫ്ഗാനിലേക്ക് സ്വാഗതം ചെയ്യുന്നതായും സുരക്ഷാ ചുമതലയുള്ള താലിബാന്‍ നേതാവ് ഖലീല്‍ ഉര്‍ റഹ്മാന്‍ ഹഖാനി. അല്‍ ജസീറ ടെലിവിഷന്‍ ചാനലുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

city exchange


എല്ലാ അഫ്ഗാനികളും താലിബാനു കീഴില്‍ സുരക്ഷിതത്വം അനുഭവിക്കേണ്ടതുണ്ടെന്നും പൊതുമാപ്പ് അനുവദിച്ചുവെന്നും അറിയിച്ച് നാല് പതിറ്റാണ്ടിലധികം യുദ്ധം കണ്ട ഒരു രാജ്യത്തിന്റെ ക്രമവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാന്‍ താലിബാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാശക്തികളെ പരാജയപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും അഫ്ഗാന്‍ ജനതയക്ക്് സുരക്ഷ നല്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


താലിബാനുമായി ബന്ധപ്പെട്ട ഏറ്റവും ക്രൂരവും അക്രമാസക്തവുമായ സംഘമായി അറിയപ്പെടുന്ന ഹഖാനി നെറ്റ്‌വര്‍ക്കിന്റെ നേതാവ് അഫ്ഗാനില്‍ സമാധാനം കൊണ്ടുവരുമെന്ന പ്രസ്താവനയെ അഫ്ഗാനികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. വീടുകള്‍ തോറും തെരച്ചില്‍ നടത്തുന്ന റിപ്പോര്‍ട്ടുകളും കാബൂളില്‍ ഉള്‍പ്പെടെ താലിബാന്‍ നടത്തിയ അക്രമങ്ങള്‍ തുടരുകയും ചെയ്യുന്ന പശ്ചാതലത്തില്‍ സംശയം വര്‍ധിക്കുകയാണ്.

- Advertisement -
Ad image


യു എസ് ആഗോള ഭീകരനെന്ന് മുദ്ര കുത്തിയിട്ടുള്ള ഹഖാനി ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയില്‍ തുടരുന്നുമുണ്ട്.
താലിബാനെ ഭയന്ന് പലായനം ചെയ്യാനായി ആയിരക്കണക്കിന് ആളുകളാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ആഗസ്ത് 15 മുതല്‍ വിമാനത്താവളത്തിന് സമീപം ജനക്കൂട്ടം ആദ്യമായി ഒത്തുചേര്‍ന്നതു മുതല്‍ ദിവസേനയുള്ള അക്രമങ്ങളും പരിക്കുകളും തിക്കിലും തിരക്കിലും മരണങ്ങളും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും താലിബാനെ ഭയപ്പെടേണ്ടതില്ലെന്നാണ് ഹഖാനി പറയുന്നത്.


പുറമേ നിന്നും വന്ന അധിനിവേശത്തോടു മാത്രമാണ് ശത്രുതയെന്നും അവര്‍ ഭിന്നിപ്പിക്കാനാണു ശ്രമിച്ചതെന്നും പറഞ്ഞ ഹഖാനി അഫ്ഗാനികളോട് ശത്രുതയില്ലെന്നും വ്യക്തമാക്കി. അഫ്ഗാന്‍ സംഘര്‍ഷത്തെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം എന്നാണ് ഹഖാനി വിശേഷിപ്പിച്ചത്.
അമേരിക്കയും നാല്‍പത് രാജ്യങ്ങളുമാണ് അഫ്ഗാനിസ്ഥാനില്‍ കുഴപ്പങ്ങളുണ്ടാക്കിയതെന്ന് ഹഖാനി പറയുമ്പോള്‍ മുന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ അഭിപ്രായം താലിബാനേയും മറ്റു സായുധ വിഭാഗങ്ങളേയും സഹായിച്ച് പാകിസ്താനാണ് അഫ്ഗാനിസ്ഥാനില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ്. എന്നാല്‍ ഇസ്‌ലാമാബാദ് ഇക്കാര്യം നിഷേധിക്കുന്നുണ്ട്.


കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ കൂടുതല്‍ സൗമ്യമായ മുഖം കാണിക്കാനാണ് താലിബാന്‍ നേതാക്കള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
പലായനം ചെയ്യുന്ന വിദ്യാസമ്പന്നരായ ആളുകള്‍ വിമാനത്താവളത്തില്‍ പോകുന്നതിനു പകരം തങ്ങളുടെ രാജ്യത്തെ സേവിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അവിടെ അവര്‍ അക്രമവും അപമാനവും നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

Share This Article
Leave a Comment
error: Content is protected !!