

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ കോഡ്ഷെയര്‍ പങ്കാളിയായ ചൈന സതേണ്‍ എയര്‍ലൈന്‍സ് ഗ്വാങ്ഷൂവില്‍ നിന്ന് ദോഹയിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ആഴ്ചയില്‍ നാല് ഡയറക്ട് ഫ്‌ളൈറ്റുകള്‍ പ്രാബല്യത്തില്‍ വരും.

ചൈനയിലെ ഏറ്റവും വലിയ എയര്‍ലൈനുകളില്‍ ഒന്നാണ് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ആഗോളതലത്തില്‍ 200ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 3,000 ഫ്‌ളൈറ്റുകളാണ് ചൈന സതേണ്‍ എയര്‍ലൈന്‍സ് പറത്തുന്നത്.

ചൈനയും ഖത്തറും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തിന്റെ അടിത്തറയില്‍ ചൈന സതേണ്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേയ്സും തമ്മിലുള്ള തന്ത്രപരമായ സഹകരണം ഉറപ്പിക്കുന്നതാണ് പുതിയ വിമാനങ്ങളുടെ തുടക്കം.
ഖത്തര്‍ എയര്‍വേയ്സിന്റെ ചൈനയിലെ മൂന്നാമത്തെ കോഡ്ഷെയര്‍ പങ്കാളിയാണ് ചൈന സതേണ്‍. വണ്‍വേള്‍ഡ് പങ്കാളികളായ കാതായ് പസഫിക്, സിയാമെന്‍ എയര്‍ലൈന്‍സ് എന്നിവയാണ് മറ്റു രണ്ടെണ്ണം.
ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ പുതിയ ഫ്ൈളറ്റുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ 170ലധികം ലക്ഷ്യസ്ഥാനങ്ങളുള്ള ആഗോള ശൃംഖലയിലേക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി യാത്രക്കാരെ ബന്ധിപ്പിക്കും. കൂടാതെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്ഷനുകളും കൂടുതല്‍ തെരഞ്ഞെടുപ്പുകളും വാഗ്ദാനം ചെയ്യുന്നു. നെറ്റ്വര്‍ക്കുകള്‍ ലിങ്ക് ചെയ്യുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ചൈനയിലേക്കും തിരിച്ചുമുള്ള ബിസിനസ്സും വിനോദ സഞ്ചാരവും ഉത്തേജിപ്പിക്കുകയാണ് ഇരു പങ്കാളി എയര്‍ലൈനുകളും ലക്ഷ്യമിടുന്നത്.

