

കൊച്ചി: തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കാന്‍ എറണാകുളത്തു നിന്നും രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടത്തി. സംഭവത്തില്‍ ഏജന്റും ദമ്പതിമാരും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശി ഏജന്റ് ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നും വനിതകളെ ഏജന്റ് ദമ്പതിമാരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ റോസ്‌ലി എന്ന വനിതയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു.

സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും പത്മയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്ദേശ്യത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. പിന്നീട് ലീലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് പ്രതികരിച്ചു.
ലീലയാണ് റോസ്ലിയുടെ ശരീരത്തില്‍ ആദ്യം മുറിവുകള്‍ ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തി. ആ രക്തം വീട്ടില്‍ തളിച്ചു. ഇതിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഏജന്റ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.
നരബലി കേസില്‍ കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പത്തിനും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ് മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്ന കണ്ടെത്തലില്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

