

ഇന്ന് ഒക്ടോബര്‍ 2. ഗാന്ധിജയന്തി.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഗാന്ധി സുക്തങ്ങളാലും പ്രാര്‍ഥനാഗീതങ്ങളാലും രഘുപതി രാഘവരാജറാം ആലാപനങ്ങളാലും മഹാത്മജിയുടെ നൂറ്റി അന്‍പത്തിനാലാമത് ജന്മദിനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാടെങ്ങും സമുചിതമായി ആഘോഷിക്കുന്നു.

ഒരു ജനതയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന സ്വപ്നങ്ങള്‍ക്കും,അടിമത്വത്തില്‍നിന്നും അസമത്വത്തില്‍ നിന്നുമുള്ള മോചനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മഹാത്മാവിനെ ലോകമെങ്ങും ആദരിക്കുന്നു, സ്മരിക്കുന്നു.

എന്റെ ജീവിതമാണ് ‘എന്റെ സന്ദേശം’ എന്ന ലോകത്തോട് വിളിച്ചു പറഞ്ഞ മഹാത്മജിയെന്ന വലിയ പാഠപുസ്തകം
പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്ര നേതാക്കള്‍ക്കും ഒന്നര നൂറ്റാണ്ടിനു ശേഷവും ഇന്നും പഠിച്ചു തീരാത്ത പാഠപുസ്തകം തന്നെയാണ്.
തന്റെ രാജ്യത്തിന് പൂര്‍ണ്ണ സ്വരാജും സ്വയംഭരണാവകാശവുമെന്ന സ്വപ്നത്തോടെ
ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധിജി കടന്നുവരുമ്പോള്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതൃത്വത്തില്‍ നിന്ന് കൊണ്ട് തന്നെ രാഷ്ട്രനിര്‍മ്മാണ പ്രക്രീയയ്കും നേതൃത്വം കൊടുത്തിരുന്നു. അവകാശങ്ങളില്ലാത്ത, ചൂഷണമനുഭവിക്കുന്ന തൊഴിലാളിവര്‍ഗ്ഗം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ ശക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
അവകാശങ്ങള്‍ ചോദിക്കാനാവാതെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് ചൂഷണത്തിനും അവകാശ നിഷേധങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ നടത്തി രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിനും വ്യവസായിക വത്ക്കരണത്തിനും പുതിയ കാഴ്ചപ്പാടും സിദ്ധാന്തങ്ങളും ദിശാബോധവും നല്കിയത് ഗാന്ധിജിയുടെ ഇടപെടലുകളും നേതൃത്വവുമാണ്.
ഗുജറാത്തിലേയും ബംഗാളിലേയും ചണമില്ലുകളിലും പരുത്തി മില്ലുകളിലും അടിമകളെപ്പോലെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലും ആരോഗ്യകാര്യങ്ങളിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് ഗാന്ധി ഇടപെടലുകളും സമരമാര്‍ഗ്ഗങ്ങളുമാണ്.
ചെറുകിട കര്‍ഷകരേയും തൊഴിലാളികളേയും
കച്ചവടക്കാരേയും അടിമകളാക്കി വലിയ തോതില്‍ ചൂഷണം ചെയ്തിരുന്ന വെള്ളക്കാരുടെ കിരാത നടപടികളവസാനിപ്പിക്കാന്‍ ഗാന്ധിജിയുടെ ഇടപെടലുകള്‍ക്കും സത്യാഗ്രഹ സമരമാര്‍ഗ്ഗങ്ങള്‍ക്കും കഴിഞ്ഞു.
1917ലെ ചംബാരന്‍ തൊഴിലാളി മുന്നേറ്റം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പരമ്പരയില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ ചരിത്രത്തി പ്രസിദ്ധമായ തൊഴിലാളി മുന്നേറ്റമായി അറിയപ്പെടുന്നു.
ബീഹാറിലെ ചമ്പാരനിലെ നീലം കര്‍ഷകരേയും തൊഴിലാളികളേയും അടിമകളെപ്പൊലെ പണിയെടുപ്പിച്ച് ചൂഷണം ചെയ്തിരുന്ന വെള്ളക്കാരായ തോട്ടമുടകളില്‍ നിന്നും അവരെ മോചിപ്പിച്ച് മാനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുത്തത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരമാര്‍ഗങ്ങളിലൂടെയാണ്.
മഹാത്മജിയുടെ നേതൃത്വത്തിലുള്ള ചമ്പാരന്‍ സത്യാഗ്രഹമാണ് ഇന്ത്യയിലെ യുവാക്കള്‍ക്കും സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കും പുതിയ ദിശാബോധം നല്കിയത്.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍
അക്രമ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ
അക്രമരഹിത, അഹിംസയുടെ സമര മാര്‍ഗങ്ങളുടെ ഉദയവും തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ക്കും ചമ്പാരന്‍ സമരങ്ങള്‍ കാരണമായി.
തൊട്ടുകൂട്ടായ്മയ്ക്കും തീണ്ടലിനും അയിത്തത്തിനുമെതിരായ പ്രബോധനങ്ങളും പ്രചാരണങ്ങളിലും പോരാട്ടങ്ങളിലും എന്നും ശ്രദ്ധാലുവായിരുന്ന മഹാത്മജിയുടെ ഇടപെടലുകളും സത്യാഗ്രഹ സമരങ്ങളും സാമൂഹ്യ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വിപ്ലവകരമായ മാററങ്ങള്‍ക്ക് തിരികൊളുത്താന്‍ സഹായകമായി.
ജാതിവ്യവസ്ഥയും സാമൂഹ്യ അസമത്വങ്ങളും രൂഢമൂലമായ ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ അതിനതിരെയുള്ള നീക്കങ്ങള്‍ ഒരുപരിധിവരെ വിജയിച്ചത് ഗാന്ധി നടത്തിയ ഇടപെടലുകളിലൂടേയും മുന്നേറ്റങ്ങളിലൂടേയുമാണ്.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒരു ജനത കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങള്‍ വളരെ വലുതാണ്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരായ തൊഴിലാളികളുടേയും താമസക്കാരുടേയും ദൈവതുല്യനായ നേതാവ് കൂടിയായിരുന്നു മഹാത്മജി. എല്ലാ തരത്തിലുമുള്ള വിവേചനമനുഭവിച്ചിരുന്ന പ്രവാസസമൂഹത്തെ ഏകീകരിച്ച് ഒന്നിപ്പിച്ച് ഒരു സംഘടനാ സംവിധാനത്തില്‍ കൊണ്ടുവന്നു.
നിഷേധിക്കപ്പെട്ട മാനൂഷികവകാശങ്ങള്‍ നേടിയെടുക്കാനും വെള്ളക്കാരന്റെ അടിച്ചമര്‍ത്തലിനും വര്‍ണ്ണ വിവേചനത്തിനുമെതിരായ പോരാട്ടങ്ങളില്‍ പ്രവാസികളുടെ ഇടയില്‍ മാറ്റത്തിന്റെ നായകനായി മഹാത്മജി.പ്രവാസ സമൂഹത്തിന്റെ സേവകനായി അവരുടെ താമസ്ഥലങ്ങള്‍ വൃത്തിയാക്കുന്നവനായി, അവരുടെ അധ്യാപകനായി, അവരുടെ വൈദ്യനായി, അവരുടെ പാചകക്കാരനായി, അവരുടെ ആത്മീയ ഗുരുവായി, അവരുടെ വക്കീലായി, അവരുടെ ഉപദേശകനായി ഗാന്ധിജി.
അടിച്ചമര്‍ത്തപ്പെട്ട അവഗണിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട കുടിയേറ്റക്കാരായ പ്രവാസ സമൂഹത്തിന്റെ രക്ഷകനായി ഗാന്ധിജി.
തൊഴിലന്വേഷിച്ച് കുടിയേറിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ജനകീയനായ ആദ്യത്തെ നേതാവാണ് മഹാത്മാ ഗാന്ധി.
സേവനമാണ് ജീവിതം, സേവനമാണ് രാഷ്ട്രീയം, സേവനവും സ്‌നേഹവുമാണ് മതം എന്ന് വിശ്വസിച്ച് പഠിപ്പിച്ച് പ്രവര്‍ത്തിച്ച് ഗാന്ധിജി മതവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണെന്ന് വിശ്വസിച്ചിരുന്നു.
തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളില്‍ കാലം പകര്‍ന്ന അനുഭവങ്ങളിലൂടെ മതവും രാഷ്ട്രീയവും രണ്ടായിരക്കണമെന്ന ചിന്തയിലേക്കെത്തിയതായി നമുക്ക് കാണാം. മഹാത്മജി മതമൂല്യങ്ങളെ നിര്‍വ്വചിച്ചത് മനുഷ്യ സ്‌നേഹത്തിന്റേയും സഹിഷ്ണതയുടേയും സത്യത്തിന്റേയും സമഭാവനയുടേയും സംഹിതകളായിട്ടായിരുന്നു. മതത്തെ രാഷ്ട്രീയാധികാരത്തിനായിട്ടുള്ള ഉപകരണമായി മാറ്റുന്ന ഫാസിസ്റ്റ് ചിന്താഗതി വളര്‍ന്നുവരുന്നു.
വര്‍ത്തമാനകാല സംഭവികാസങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കുമെതിരെ വെല്ലുവിളികളുയര്‍ത്തുന്നു. മതാധിനിവേശ അധികാര രാഷട്രീയത്തെ ചെറുത്തു തോല്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കര്‍ത്തവ്യമാണ്.
മഹാത്മജി പഠിപ്പിച്ച സമഭാവനയുടേയും സഹിഷ്ണതയുടേയും സ്‌നേഹത്തിന്റേയും മൂല്യങ്ങളടങ്ങിയ ദര്‍ശനങ്ങളുടെ സംരക്ഷകരും പ്രചാരകരുമായി നാം മാറണം എന്നു കാലം വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ജനതയുടെ സ്വാതന്ത്ര്യമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടപ്പോഴും ജനതയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങളില്‍ പലതും ബാക്കിവച്ചിട്ടാണ് ബാപ്പുജി യാത്രയായത്.
വെല്ലു വിളികളായി മാറുന്ന സമകാലിക സംഭവങ്ങളെ നേരിടാന്‍ ബാപ്പുജിയിലേക്ക് മടങ്ങാന്‍ പ്രബുദ്ധരായ ജനതയ്ക് അവസരമാകട്ടെ ഈ ഗാന്ധി ജയന്തി ദിനം.


