Connect with us

Featured

എയര്‍ കേരള സി ഇ ഒ സ്ഥാനത്തേക്ക് മലയാളി ഹരീഷ് കുട്ടി

Published

on


ദുബൈ: ഏവിയേഷന്‍ മേഖലയില്‍ മൂന്നരപ്പതിറ്റാണ്ട് കാലത്തെ പരിചയ സമ്പന്നനായ ഹരീഷ് കുട്ടിയെ സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ ആരംഭിക്കുന്ന എയര്‍ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചു. സെറ്റ് ഫ്‌ളൈ എവിയേഷന്‍ വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തലാണ് ഇക്കാര്യം അറിയിച്ചത്.

സ്‌പൈസ് ജെറ്റില്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസറായും വതനിയ എയര്‍വെയ്‌സില്‍ കൊമേഴ്്‌സ്യല്‍ ഡയറക്ടറായും റാക് എയര്‍വേയ്‌സില്‍ കൊമേഴ്‌സ്യല്‍ വൈസ് പ്രസിഡന്റായും സലാം എയറില്‍ റവന്യൂ ആന്റ് നെറ്റ്വര്‍ക്ക് പ്ലാനിങ് ഡയറക്ടറായും പ്രവര്‍ത്തിച്ച പരിചയമുണ്ട് ഹരീഷ് കുട്ടിക്ക്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സലാം എയറിന്റെ ലാഭം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഹരീഷ് കുട്ടി വഹിച്ചത്.

ബ്രിട്ടീഷ് എയര്‍വെയ്‌സിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എയര്‍ അറേബ്യ, വതനിയ എയര്‍വേയ്സ് എന്നിവയുടെ സ്റ്റാര്‍ട്ടപ്പ് ടീമുകളില്‍ നിര്‍ണായക പങ്കാളിയായിരുന്നു.

ഹരീഷ് കുട്ടിയുടെ നിയമനം എയര്‍ കേരളയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനോടൊപ്പം ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായി മാറ്റാനും വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നതായി സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ വക്താക്കള്‍ പറഞ്ഞു. സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു.

മികച്ച പരിചയ സമ്പത്തുള്ള മലയാളിയെ തന്നെ എയര്‍ കേരളയുടെ തലപ്പത്ത് കൊണ്ടുവരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി അഫി അഹമ്മദ് പറഞ്ഞു.

എയര്‍ കേരളയെന്നത് ഒരു വിമാനക്കമ്പനി മാത്രമല്ലെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മലയാളിയുടെ സ്വപ്‌നസാക്ഷാത്ക്കാരം കൂടിയാണെന്നും ഹരീഷ് കുട്ടി പറഞ്ഞു. കേരളത്തിന്റെ പ്രതീക്ഷകളേയും സംസ്‌ക്കാരത്തേയും പ്രതിനിധീകരിക്കുന്നതോടൊപ്പം വലിയ ഉത്തരവാദിത്വത്തെ താന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനക്കമ്പനിയായിരിക്കും എയര്‍ കേരളയെന്നും ഹരീഷ് കുട്ടി വിശദമാക്കി. അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ കമ്പനി വക്താവ് സഫീര്‍ മഹമ്മൂദും പങ്കെടുത്തു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!