
അബൂദാബി: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന് രണ്ടു ഡോസുകളും സ്വീകരിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസയില്‍ യു എ ഇയിലേക്ക് പോകാന്‍ അനുമതി. യു എ ഇയിലേക്ക് യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും പുതിയ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിര്‍ദ്ദേശം ആഗസ്ത് 30 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്നും നിര്‍ബന്ധിത ദ്രുതഗതിയിലുള്ള പി സി ആര് പരിശോധന നടത്തണം. ടൂറിസ്റ്റ് വിസയിലുള്ളവര്‍ അവരുടെ പ്രതിരോധ കുത്തിവെയ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഐ സി എ വെബ്സൈറ്റിലോ അല്‍ഹോസ്ന്‍ ആപ്പിലോ റജിസ്റ്റര്‍ ചെയ്യണം. യു എ ഇയിലെ വാക്സിനേഷന് ചെയ്ത താമസക്കാര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഇത്തരക്കാര്‍ക്കും ലഭിക്കുമെന്നും പ്രസ്താവന വിശദീകരിച്ചു.

