

ദോഹ: കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഒഴിപ്പിക്കല്‍ പുനഃരാരംഭിക്കുന്നതിന് ഖത്തര്‍ താലിബാനുമായി ധാരണയിലെത്തി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുമായി നടത്തിയ അഭിമുഖത്തെ ഉദ്ധരിച്ച് ആക്‌സിയോസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആഴ്ചയില്‍ ചാര്‍ട്ടര്‍ ചെയ്ത രണ്ടു വിമാനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് പറത്തുമെന്നാണ് കരാര്‍. ആയിരക്കണക്കിന് പൗരന്മാരേയം അപകട സാധ്യതയുള്ള അഫ്ഗാനികളേയും ഒഴിപ്പിക്കാന്‍ അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും അനുവദിക്കുമെന്ന് ആക്‌സിയോസ് പറഞ്ഞു.

ചില സുരക്ഷാ ആവശ്യകതകള്‍ അംഗീകരിച്ചാല്‍ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ കരാര്‍ അന്തിമമായിട്ടില്ലെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

