

ജനീവ: ഗാസയില് അടിയന്തര ലോകശ്രദ്ധ ക്ഷണിച്ച് യു എന് സെക്രട്ടറി ജനറല് ആന്റോണിയോ ഗുട്ടറസ് ആര്ട്ടിക്കിള് 99 പ്രയോഗിച്ചു. അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായാണ് ആര്ട്ടിക്കിള് 99 പ്രയോഗിക്കുന്നത്.

ആര്ട്ടിക്കിള് 99 പ്രയോഗിച്ചതോടെ യു എന് സുരക്ഷാ കൗണ്സിലിനു ഗാസ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടി വരും. അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നതും ഉപരോധം ഏര്പ്പെടുത്തുന്നതും ഉള്പ്പടെയുള്ള നടപടികള് സുരക്ഷാ കൗണ്സിലിനു സ്വീകരിക്കാന് സാധിക്കും.

യു എന് നടപടിയെ ഇസ്രായേല് ശക്തമായി അപലപിച്ചു. ലോകസമാധാനത്തിനു ഭീഷണിയാകുന്ന നിലപാടാണ് ഗുട്ടറസ് സ്വീകരിക്കുന്നതെന്നാണ് ഇസ്രായേല് ആരോപണത്തില് പറയുന്നത്. ഗുട്ടറസ് യു എന് സെക്രട്ടറി ജനറല് സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് യു എന്നിലേക്കുളള ഇസ്രായേല് അംബാസഡര് ഗിലാഡ് എര്ഡന് ആവശ്യപ്പെട്ടു.
തെക്കന് ഗാസയിലെ ഖാന് യൂനിസില് ഇസ്രായേല് ശക്തമായ ആക്രമണമാണ് നടത്തുന്നത്. ആക്രമണം ശക്തമായതിന്റെ പശ്ചാത്തലത്തില് നഗരത്തില് നിന്ന് നിരവധി പേരാണ് റാഫ അതിര്ത്തിയിലേക്കു പലായനം ചെയ്തത്.

