

ദോഹ: ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരന്തം പുതിയ അഭയാര്‍ഥി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് തടയേണ്ടതിന്റെ നിര്‍ണായക ആവശ്യകത ഊന്നിപ്പറയുന്നതായി യു എന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി.

ദോഹയില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഗ്രാന്‍ഡി ഫലസ്തീനികള്‍ക്കിടയില്‍ കൂടുതല്‍ കഷ്ടപ്പാടുകളും മരണവും കുടിയൊഴിപ്പിക്കലും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ”ഗാസയിലെ ഫലസ്തീനികളെ ബാധിക്കുന്ന ദുരന്തം പുതിയ അഭയാര്‍ഥി പ്രതിസന്ധിയായി മാറാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഓര്‍ക്കുക, യഥാര്‍ത്ഥ ഫലസ്തീന്‍ പ്രതിസന്ധി ഇപ്പോഴും പരിഹരിച്ചിട്ടില്ല. നിങ്ങള്‍ക്ക് മറ്റൊരു അഭയാര്‍ഥി പ്രതിസന്ധിയുണ്ടെങ്കില്‍ അത് പരിഹരിക്കുന്നത് പൂര്‍ണ്ണമായും അസാധ്യമാക്കും. ഭാവിയിലെ ഏത് സമാധാന ചര്‍ച്ചകളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ വഷളായാല്‍ പ്രതികരിക്കാനുള്ള യു എന്‍ എച്ച് സി ആറിന്റെ സന്നദ്ധത ഗ്രാന്‍ഡി വിവരിച്ചു. ലെബനനായാലും ഈജിപ്തിലായാലും ഒരു സംഘട്ടനവും ഉണ്ടാകരുതെന്നും അതെല്ലാവര്‍ക്കും വിനാശകരമായിരിക്കുമെന്നും ഗ്രാന്‍ഡി പറഞ്ഞു.
